banner

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും!, മാർച്ച് പകുതിയോടെ വേനൽമഴ എത്തിയേക്കും, കനത്ത ചൂടിന് പ്രധാന ഹേതു 'എൽനിനോ പ്രതിഭാസം', കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇങ്ങനെ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം ചൂടു കൂടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ, മെയ്‌ മാസങ്ങളിലും സാധാരണയിലും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാർച്ചിൽ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയേക്കാവുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ഇന്നലെ മുതൽ സംസ്ഥാനത്ത് ഔദ്യോഗികമായി വേനൽക്കാലം ആരംഭിച്ചു. വേനൽ മഴ സാധാരണ നിലയിൽ ലഭിക്കുമെങ്കിലും ചൂട് ഉയരും.

വേനൽമഴ എന്നു ലഭിക്കുമെന്ന് ഔദ്യോഗിക വിശദീകരണമില്ലെങ്കിലും ഈ മാസം പകുതിയോടെ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിൽ ഈ മാസം മഴ കുറയും. മെയ്‌ മാസത്തിൽ സംസ്ഥാനത്ത് കൂടുതൽ മഴ ലഭിച്ചേക്കും. കനത്ത ചൂടിന് പ്രധാന കാരണമായ എൽനിനോ പ്രതിഭാസം പസിഫിക് സമുദ്രത്തിൽ തുടരുകയാണ്. മൺസൂൺ ആരംഭത്തോടെ മാത്രമാണ് സാധാരണ സ്ഥിതിയിലേക്കു മാറാനുള്ള സാധ്യത.

ഇന്നലെ സംസ്ഥാനത്ത് വെള്ളാനിക്കരയിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 37.6 ഡിഗ്രി സെൽഷ്യസ്. കോട്ടയം, പുനലൂർ (37.2) എന്നിവിടങ്ങളാണ് രണ്ടാമത്. കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കനത്ത ചൂടിനെത്തുടർന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.

Post a Comment

0 Comments