banner

പനയത്ത് പ്രമുഖ വ്യവസായി പഞ്ചായത്ത് ഭൂമി കയ്യേറിയതായ ആരോപണം!, വില്ലേജ് ഓഫീസർ റിപ്പോർട്ട് തഹസീൽദാർക്ക് കൈമാറിയാൽ ശിക്ഷ ഉറപ്പ്, കയ്യേറ്റ മതിൽ പൊളിക്കുന്നതിനും ഉത്തരവിട്ടേക്കും, ഇടപെടൽ വന്നാൽ പനയം പഞ്ചായത്ത് ഭരണസമിതിക്ക് നാണക്കേടോ? - അഷ്ടമുടി ലൈവ് അന്വേഷണം തുടരുന്നു


ഇൻഷാദ് സജീവ്
പനയം : പനയത്ത് പ്രമുഖ വ്യവസായി പഞ്ചായത്ത് പുറമ്പോക്കിൽ ഉൾപ്പെട്ട വഴി മതിൽ കെട്ടി കയ്യേറാൻ നോക്കിയതായ ആരോപണത്തിൽ നടപടിയുണ്ടായേക്കും. വില്ലേജ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചാൽ 1958ലെ ഭൂസംരക്ഷണ നിയമപ്രകാരമുള്ള അധികാരമുപയോഗിച്ച് തഹസീൽദാർക്ക് നടപടിയെടുക്കുമെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. പനയം ചാത്തനാംകുളത്ത് രണ്ടര മീറ്ററോളം വരുന്ന പൊതുവഴിയിൽ മുപ്പത് സെൻ്റിമീറ്ററോളം ഭൂമി കയ്യേറാൻ നോക്കിയതായ പരാതി ഇന്നലെയാണ് അഷ്ടമുടി ലൈവ് വാർത്തയാക്കിയത്. 


ചാത്തനാംകുളം സ്വദേശിയായ അബ്ദുൽ ഹക്കീം എന്നയാളുടെ പരാതിയിലാണ് പ്രമുഖ വ്യവസായി ആകെ രണ്ടര മീറ്ററോളം വരുന്ന പൊതുവഴിയിൽ മുപ്പത് സെൻ്റിമീറ്ററോളം ഭൂമി കയ്യേറാൻ നോക്കിയതായി ആരോപണമുള്ളത്. കയ്യേറ്റം സംബന്ധിച്ച് വിശദമായ പരാതി നൽകിയെങ്കിലും പനയം പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചില്ലെന്നും പരാതിക്കാരനായ അബ്ദുൽ ഹക്കീം ആരോപിക്കുന്നു. ആരോപണത്തിന്റെ വസ്തുത വില്ലേജ് ഓഫീസർക്ക് ബോധ്യപ്പെട്ടതാണെന്നും ഭൂസംരക്ഷണ നിയമപ്രകാരമുള്ള അധികാരമുപയോഗിച്ച് തഹസീൽദാർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു. 

വേണ്ടിവന്നാൽ അറസ്റ്റ്


1958ലെ ഭൂസംരക്ഷണ നിയമപ്രകാരമുള്ള അധികാരം അത്ര ചെറിയ അധികാരമല്ലെന്ന് അഷ്ടമുടി ലൈവ് ന്യൂസിൻ്റെ ലീഗൽ കൺസൾട്ടന്റ് പറയുന്നു. കയ്യേറ്റം ഒഴിപ്പിക്കാൻ തഹസിൽദാർ നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങളെ തടയാൻ കയ്യേറ്റം നടത്തിയതായി വ്യക്തികൾ ശ്രമിച്ചാൽ കളക്ടർക്ക് ഇവരെ അറസ്റ്റ് ചെയ്ത് കയ്യേറ്റ ഭൂമി തിരികെ പിടിക്കാനും വേണ്ടിവന്നാൽ ജയിലിൽ അടയ്ക്കാനും അധികാരം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിൽ രാജ്യത്ത് പല കേസുകളും നടക്കുന്നുണ്ട്. പലപ്പോഴും വളരെ വൈകിയാണ് സർക്കാർ അധികാരികൾ ഇത് സംബന്ധിച്ച വിവരം അറിയുന്നത് ഇതിനാൽ തന്നെ കോടതി വിവാഹാരങ്ങളിലൂടെ ഈ സ്ഥലങ്ങൾ തിരികെ പിടിക്കുന്നതിന് വളരെ പാടുപെടേണ്ടി വരും അതത് സർക്കാരിന്. പക്ഷേ പനയത്തെ വിഷയം സംബന്ധിച്ച് വ്യക്തമായ പരാതി പ്രാരംഭഘട്ടത്തിലെ ഈ സ്ഥലം ആസ്തിയായി ഉള്ള പഞ്ചായത്തിനും വില്ലേജ് ഓഫീസർക്കും നൽകിയതായി കാണാൻ കഴിയുന്നു. ഇതിനാൽ തന്നെ കയ്യേറ്റ ഭൂമിയിൽനിന്ന് കയ്യേറ്റങ്ങൾ പെട്ടെന്ന് ഒഴിപ്പിക്കാൻ ആകുന്നതും ശിക്ഷ നടപടികളുമായി മുന്നോട്ടു പോകാൻ ആകുന്നതും ആണ്. ഭൂമിയുടെ ചെറിയൊരു അംശമാണ് കയ്യേറ്റക്കാരൻ മതിൽക്കെട്ടി തിരിക്കാൻ ശ്രമിച്ചത് എങ്കിൽ പോലും ഇതേ നിയമത്തിലെ പ്രസക്തമായ 7, 8, 9 എന്നീ വകുപ്പുകൾ പ്രകാരം തഹസിൽദാർക്ക് ആവശ്യമായ ശിക്ഷാനടപടി സ്വീകരിക്കാവുന്നതാണ്. കുറ്റക്കാരെ സഹായിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു എന്ന് സംശയിച്ചാൽ ഏതൊരു ഇന്ത്യൻ പൗരനും കോടതിയെ സമീപിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments