
ഇഞ്ചവിള : തൃക്കരുവാ പഞ്ചായത്ത് 4-ാം വാർഡ് ഇഞ്ചവിളയിൽ കനത്ത മഴയിൽ ഓട നിറഞ്ഞു കവിഞ്ഞതോടെ സമീപത്തെ അഞ്ചോളം വീടുകൾ വെള്ളത്തിനടിയിലായി. പനയം ഗ്രാമപഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന ഭാഗത്താണ് അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം വീടുകൾ വെള്ളത്തിനടിയിലാവുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായത്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും തന്നെയും പ്രദേശത്ത് നടന്നിട്ടില്ലെന്നും പനയം പഞ്ചായത്തുമായി യോജിപ്പില്ലാത്ത കാരണം ഓടയുടെ നിർമ്മാണം വേണ്ടവിധത്തിൽ നടന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം പ്രദേശം വാർഡ് മെമ്പർ ഷംല മുജാബ് സന്ദർശിച്ചതായും ആവശ്യമെങ്കിൽ ദുരിതാശ്വാസക്യാമ്പുകളുടെ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അറിയിച്ചതായും നാട്ടുകാർ പറഞ്ഞു. ഏലൂർ ഏലയിൽ നിന്നുള്ള വെള്ളം പോകുന്ന ഓടയാണ് നിറഞ്ഞു കവിഞ്ഞ് ദുരിതം സൃഷ്ടിച്ചത്.
84 കാരി നിഷാഭവനത്തിൽ സരോജിനി അമ്മ ഉൾപ്പെടെ വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നവർ പ്രദേശത്ത് നിരവധിയാണ്. ഇഞ്ചവിള മോനിഷ് ഭവനത്തിൽ ലീല, ശ്രീവിലാസം വീട്ടിൽ സന്തോഷ്, എ.ആർ ഭവനിൽ രാജേന്ദ്രൻ, അഞ്ജനം വീട്ടിൽ സുനിൽ കുമാർ, മാക്രിയില്ലാക്കുളം അജിത്ത് ഭവനിൽ അജി തുടങ്ങിയവരുടെ വീടുകളും പ്രദേശത്തെ മറ്റു വീടുകളും മണിക്കൂറുകളോളം വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഓടയുടെ സ്ലാബ് മാറ്റിയാണ് വെള്ളക്കെട്ട് നിയന്ത്രിച്ചത്. പ്രദേശത്തിന് തൊട്ടടുത്ത ഏലൂർ ഏലയിൽ നിന്ന് കൂടി വെള്ളം ഇവിടെക്കിരച്ചുകയറിയതോടെ ജനജീവിതം ദുസ്സഹമായി. മഴക്കാല രോഗങ്ങൾ പിടിപെടാതിരിക്കാൻ ചിരട്ടയിലെ വെള്ളം തട്ടിക്കളയാൻ വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരോട് ഇപ്പോൾ ഇവർ ചോദിക്കുന്നത് ഈ വെള്ളം എങ്ങനെ തട്ടിക്കളയാനാണ് എന്നാണ്. നീണ്ട മഴക്കാലം കഴിയുന്നതോടെ വേനൽക്കാലത്ത് രോഗം കൊണ്ട് പൊറുതിമുട്ടുകയാണ്. അടുത്ത മഴക്കാലത്തിനു മുന്നേ എങ്കിലും ഓടയുടെ അശാസ്ത്രീയത കണ്ടെത്തി പരിഹരിച്ച് ജനജീവിതം സാധാരണഗതിയിൽ ആക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
0 Comments