
അഷ്ടമുടി : അഷ്ടമുടി മലേരിക്കക്കുന്ന് ഇടിഞ്ഞ് വീടിന് പുറത്തേക്ക് വീണു. അഷ്ടജലറാണി ദേവാലയത്തിന് താഴെ രാവിലെയോടെയാണ് സംഭവം. വടക്കേകോടിയിൽ ഫ്രാൻസീസ്-ൻ്റെ വീട്ടിലാണ് കുന്ന് ഇടിഞ്ഞ് വീണത്. അപകടത്തിന് അല്പസമയം മുൻപാണ് വീട്ടുകാർ പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോയത്. അതിനാലാണ് കുട്ടികൾ ഉൾപ്പെടെ രക്ഷപ്പെട്ടത്. വീടിന് പിറക് വശത്തേക്ക് മണ്ണിടിഞ്ഞ് കിടക്കുന്നതിനാലാൻ ഇറങ്ങാനാകാത്ത സ്ഥിതിയുണ്ട്. വശങ്ങൾ കേറി മണ്ണ് കിടക്കുന്നതിനാൽ അടുക്കളയും അപകടാവസ്ഥയിലാണ്. സംഭവം അറിഞ്ഞതിന് പിന്നാലെ വാർഡ് മെമ്പർ ആബ അഗസ്റ്റിൻ, തൃക്കരുവ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള അധികാരികൾ സ്ഥലം സന്ദർശിച്ചതായി വീട്ടുകാർ പറഞ്ഞു.
'ഈ വീട്ടിൽ കഴിഞ്ഞ ദിവസം ഒരു മരണം നടന്നിരുന്നു. ഇതിനാൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ബന്ധുക്കളും അയൽക്കാരുമായി നിരവധി പേർ വീട്ടിൽ എത്താറുണ്ട്. ആരുമില്ലാത്ത സമയം തന്നെ അപകടം നടന്നത് ദൈവഭാഗ്യമായാണ് മനസ്സിലാക്കുന്നത്. ഇനിയും കുന്നിടിയുമോ എന്ന ഭയമുണ്ട്. എന്നിരുന്നാലും അധികാരികൾ നിർദ്ദേശിച്ചത് പ്രകാരം സംഭവത്തിൽ കളക്ടർക്ക് പരാതി കൊടുക്കാനാണ് തീരുമാനം' - വീട്ടുകാർ അഷ്ടമുടി ലൈവിനോട് പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കാണാൻ അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായി വീട്ടുകാർ വ്യക്തമാക്കി. അതേ സമയം, സംഭവം നടന്നതിന് സമീപത്തു തന്നെ രാവിലെ കുന്നിടിഞ്ഞ് റോഡ് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടിരുന്നു.
0 Comments