banner

തന്നെ തോൽപ്പിക്കാൻ തുനിഞ്ഞ മരണത്തെ അവയവ ദാനത്തിലൂടെ തോല്‍പ്പിച്ച് സുനില്‍ കുമാർ!, അഞ്ച് പേര്‍ക്ക് പുതുജീവനേകി 45-കാരൻ വിടപറഞ്ഞു, മഹത്തായ മാതൃക

Published from Blogger Prime Android App
തൊടുപുഴ : ഗുരുതര രോഗത്താല്‍ മരണത്തോട് മല്ലടിക്കുമ്പോഴും സുനില്‍ കുമാറിന്റെ മനസില്‍ താൻ മരണത്തിന് കീഴടങ്ങിയാലും തന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന ആഗ്രഹമായിരുന്നു. കരിങ്കുന്നം അരീക്കല്‍ സുനില്‍ കുമാർ (45) അവയവ ദാനത്തിലൂടെ മരണത്തെയും തോല്‍പ്പിക്കുകയായിരുന്നു. കടുത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ തലയ്ക്കകത്ത് മുഴ കണ്ടെത്തിയത്.

ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാതെ മറ്റു മാർഗങ്ങള്‍ ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കഴിഞ്ഞ ഏഴിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ സുനില്‍കുമാർ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആർഷ വിദ്യാസമാജം തിരുവനന്തപുരം യൂണിറ്റ് ആചാര്യൻ കെ.ആർ. മനോജും സംഘവും മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കി.

സുനില്‍ കുമാർ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ചപ്പോഴാണ് ഫിക്സിന്റെ രൂപത്തില്‍ വീണ്ടും ആരോഗ്യ നില വഷളായത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. അവിടെ വെച്ച്‌ ഫിക്സും, ഹൃദയാഘാതവും ഉണ്ടായതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സുനില്‍ കുമാറിന് ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. 

മരണ ശേഷം അവയവം ദാനം ചെയ്യണമെന്ന ആഗ്രഹപ്രകാരം അധികൃതരുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ അനുമതി വാങ്ങി. എറണാകുളത്തെ പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘമെത്തി ഇന്നലെ വൈകിട്ടോടെ സുനില്‍ കുമാറിന്റെ ശരീരത്തില്‍ നിന്നും പ്രധാനപ്പെട്ട അവയവയങ്ങള്‍ നീക്കം ചെയ്ത് അവ സുരക്ഷിതമാക്കി. കണ്ണ്, കരള്‍, കിഡ്നി എന്നിവയാണ് സുനില്‍ കുമാറിന്റെ ശരീരത്തില്‍ നിന്നുമെടുത്തത്. ഇവ ഇനി അർഹതപ്പെട്ടവരുടെ ശരീരത്തില്‍ തുടിക്കും. സുനില്‍ അവിവാഹിതനാണ്. അച്ഛൻ കൃഷ്ണൻ, അമ്മ: കുമാരി, സഹോദരങ്ങള്‍: അനില്‍കുമാർ, പരേതനായ വിമല്‍ കുമാർ. സംസ്‌കാരം നടത്തി.

Post a Comment

0 Comments