banner

എക്സിറ്റ് പോളുകൾ വന്നതോടെ മാധ്യമങ്ങൾ ചർച്ച ചെയ്യാതായി!, ഈ എസ്ഐയും സിഐയും കേരളം കണ്ട പഠിച്ച കള്ളന്മാർ, ഇവരുടെ പേരിൽ കേസെടുത്തത് സ്റ്റേഷനിൽ എത്തിയ ഡിവൈഎസ്പി നാടകീയമായി, ചെന്നയുടനെ സ്റ്റേഷന്റെ ഗേറ്റ് പൂട്ടാൻ പിആർഒയ്ക്ക് നിർദ്ദേശം നൽകി, പിന്നാലെ എസ്എച്ച്ഒ യുടെ മുറിയിലെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു, പുറത്തിറങ്ങിയതോടെ സ്റ്റേഷനിലെ മറ്റ് പോലീസുകാർ ഞെട്ടി, കാരണം പ്രതിക്കോളത്തിൽ തങ്ങളുടെ എസ്ഐയും - എസ്എച്ച്ഒയും, 22 ലക്ഷം കൈക്കൂലിക്ക് എസ്ഐ ബിന്ദുലാൽ കുടുങ്ങിയതും സിഐയായ യു.എച്ച്‌.സുനില്‍ ദാസ് കുടുങ്ങാൻ പോകുന്നതും ഇങ്ങനെ - എഫ്.ഐ.ആർ പകർപ്പ് അഷ്ടമുടി ലൈവ് പുറത്തു വിടുന്നു

Published from Blogger Prime Android App

തൃശൂർ : മാധ്യമങ്ങൾ അധികം ചർച്ച ചെയ്യാതെ പോയ സംഭവമാണ് വളാഞ്ചേരിയിലെ എസ്ഐയും ഇൻസ്പെക്ടറും കൈക്കൂലിക്കേസിൽ പെട്ട കഥ.. ഇന്നലെവരെ വാർത്തകളിൽ നിറഞ്ഞുനിന്നത് ഇരുവരുടെയും കൈക്കൂലി ആയിരുന്നു. എന്നാൽ എക്സിറ്റ് പോൾ വിവരങ്ങൾ ചാനലുകൾ പുറത്തുവിട്ടതോടെ ഇരുവരും വാർത്തകളിൽ നിന്ന് രക്ഷപ്പെട്ടു. അനധികൃതമായി സ്‌ഫോടനവസ്തു ഉപയോഗിച്ച്‌ കരിങ്കല്‍ ഖനനം നടത്തിയ കേസില്‍ അറസ്റ്റ് ഒഴിവാക്കി പ്രതികളെ രക്ഷിച്ചെടുക്കാൻ എസ്‌എച്ച്‌ഒയും എസ്‌ഐയും പറഞ്ഞ് ഉറപ്പിച്ച്‌ വാങ്ങിയത് 22 ലക്ഷം രൂപയാണ്. കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ മധ്യനിരയിലെ പോലീസ് ഉദ്യോഗസ്ഥർ വാങ്ങുന്ന ഏറ്റവും വലിയ കൈക്കൂലിയാണിത്. കൈക്കൂലിയുടെ നിരക്ക് കൃത്യമായി പറഞ്ഞ് ഇടനിലക്കാര്‍ വഴി നോട്ടുകെട്ടുകളായി തുക പോലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിയെന്നാണ് മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഒരേ സ്റ്റേഷനില്‍ സിഐയായ യു.എച്ച്‌.സുനില്‍ ദാസും, എസ്‌ഐയായ ബിന്ദുലാല്‍ പള്ളത്തുമാണ് പോലീസിനാകെ അപമാനം വരുത്തിവച്ച കൈക്കൂലി കേസില്‍ പ്രതികളായത്. ഇരുവരും അടുത്ത ബന്ധുക്കളും ആണ്. എസ്‌ഐ ആയി ജോലി ചെയ്തുകൊണ്ടിരിക്കേയാണ് അതേ സ്റ്റേഷനിൽ നിന്ന് ബിന്ദുലാലിനെ തിരൂർ ഡിവൈഎസ്പി പി.പി.ഷംസ് അറസ്റ്റ് ചെയ്ത് റിമാൻഡില്‍ അയച്ചത്. അന്നത്തെ ദിവസം അവധിയായത് കൊണ്ട് മാത്രം ഈ അത്യപൂർവ ഗതികേടില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ട സിഐ സുനിൽദാസ് ഇപ്പോഴും ഒളിവിലാണ്. സ്‌ഫോടക വസ്തു അനധികൃതമായി ഉപയോഗിച്ചുവെന്ന ഗുരുതരമായ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാണ് കൈക്കൂലിക്കുളള ആസൂത്രണം ഈ ഉദ്യോഗസ്ഥര്‍ തുടങ്ങിവച്ചത്. മാര്‍ച്ച്‌ 29ന് സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത കാരാറുകാരന്‍ നിസാര്‍ തോട്ടയിലിനെ രാത്രി തന്നെ സ്‌റ്റേഷനില്‍ നിന്നും തിരിച്ചയച്ചു. പിറ്റേ ദിവസം വീണ്ടും വിളിപ്പിക്കുകയും ജാമ്യം ലഭിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ നിസാർ പാറ പൊട്ടിച്ച സ്ഥലത്തിൻ്റെ ഉടമകളായ സഹോദരിമാരില്‍ ഒരാളുടെ ഭർത്താവായ സ്ഥലം ഉടമ മാധവൻ നമ്പൂതിരി എന്നയാളെ വിളിച്ചു വരുത്തി പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

Published from Blogger Prime Android App
അടുത്ത ദിവസം രാത്രി വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് എസ്‌ഐ ബിന്ദുലാല്‍ കൈക്കൂലിയുടെ റേറ്റ് ഉറപ്പിച്ചത്. സിഐക്ക് 15 ലക്ഷവും തനിക്ക് അതിന്റെ പകുതിയായ 7.5 ലക്ഷവുമാണ് ആവശ്യപ്പെട്ടത്. സ്ഥലമുടമകളായ മൂന്ന് സ്ത്രീകളെയടക്കം പ്രതിയാക്കുമെന്നും ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും പറഞ്ഞ് ഭീഷണി ആവര്‍ത്തിച്ചു. എന്നാല്‍ സിഐ വിചാരിച്ചാല്‍ രക്ഷപെടാമെന്നും അക്കാര്യത്തില്‍ സ്വാധീനം ചെലുത്താൻ കഴിവുള്ളയാളെന്ന് പറഞ്ഞ് ഇടനിലക്കാരനായി അസൈനാർ എന്ന കുഞ്ഞാനെയും ബിന്ദു ലാൽ പരിചയപ്പെടുത്തി. പിന്നെ അസൈനാരുടെ ഊഴമായിരുന്നു. അയാളുടെ തുടരെയുള്ള ഭീഷണി ഫലിച്ചപ്പോള്‍ ആദ്യം 15 ലക്ഷം രൂപയുമായി നിസാർ വന്നു ഏപ്രില്‍ രണ്ടിന് 500 രൂപയുടെ 30 ബണ്ടിലുകളായി തുക അസൈനാരുടെ പണി നടക്കുന്ന വീട്ടില്‍ വച്ച്‌ കൈമാറി. ഇതില്‍ 5 ലക്ഷം എസ്‌ഐക്ക് സ്വന്തം വീട്ടിലെത്തിച്ച്‌ നല്‍കി. പത്തുലക്ഷവുമായി സിഐയെ ബന്ധപ്പെട്ടപ്പോള്‍ കുറ്റിപ്പുറം ഓണിയൻ പാലത്തിനടുത്ത് ചെറികളറിലുള്ള കാറില്‍ രണ്ടുപേർ എത്തുമെന്നും അവരെ ഏല്‍പിക്കാനും നിർദേശിച്ചു. രണ്ടുലക്ഷം അസൈനാർക്ക് ഉള്ളതാണെന്നും എടുത്തുകൊള്ളാനും നിർദേശിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെ സിഐ അറിയിച്ചത് പോലെ ചെറികളർ കാർ എത്തുകയും എട്ടുലക്ഷം ഏല്‍പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനകള്‍ ഇല്ലാത്ത ദിവസം നോക്കിയാണ് ഈ ഇടപാടുകളെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയത്. 

വീണ്ടും 5 ലക്ഷം രൂപയ്ക്കായി നിരന്തരം ഭീഷണിയുണ്ടായതോടെ ഏപ്രില്‍ 4ന് ഈ തുകയും 500 രൂപയുടെ 10 ബണ്ടിലുകളായി കൈമാറി. പിന്നെയും തൻ്റെ കമ്മിഷനായി 5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഇടനിലക്കാരൻ അസൈനാർ ഭീഷണി തുടർന്നെങ്കിലും 2 ലക്ഷം നല്‍കി പ്രതി നിസാർ തടിയൂരി. എന്നാല്‍ ഇതിന് ശേഷം എല്ലാ റിപ്പോര്‍ട്ടും അനുകൂലമായി നല്‍കാമെന്ന് പറഞ്ഞെങ്കിലും നിസാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതിയെ സമീപിച്ചാല്‍ അവിടെ നിന്ന് ലഘുവായ വ്യവസ്ഥകളില്‍ ജാമ്യം കിട്ടുമെന്നും അതാണ് നല്ലതെന്നുമാണ് ഇടനിലക്കാരൻ മുഖേന പിന്നെ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. വളരെ ആസൂത്രിതമായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ ഇടപാടുകള്‍. എങ്ങനെയെല്ലാം ഫോണ്‍ ചോർത്തപ്പെടാമെന്ന് നല്ല ധാരണയുള്ളതിനാല്‍ സംസാരമെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഇടനിലക്കാരൻ അസൈനാരുടെയും പ്രതി നിസാറിൻ്റെയും ഫോണുകള്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ തെളിവുകള്‍ കിട്ടി. മെസേജുകളെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞതോടെയാണ് കൈക്കൂലി ഇടപാട് നടന്നതായി ഉന്നത ഉദ്യോഗസ്ഥർ ഉറപ്പിച്ചത്. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കിയതും അറസ്റ്റിന് തീരുമാനമായതും. തീർത്തും നാടകീയമായിരുന്നു അറസ്റ്റ്. മലപ്പുറം എസ്പി എസ്.ശശിധരൻ്റെ അനുമതിയോടെ വ്യാഴാഴ്ച രാവിലെ തിരൂര്‍ ഡിവൈഎസ്പി പി.പി.ഷംസ് വളാഞ്ചേരി സ്റ്റേഷനിലെത്തി. 

ഡിവൈഎസ്പി സ്റ്റേഷനിൽ എത്തിയപ്പോൾ എസ് ഐ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആയിരുന്നു. സ്റ്റേഷന്റെ ഗേറ്റ് പൂട്ടാൻ നിർദ്ദേശം നൽകിയ ഡിവൈഎസ്പി എസ്എച്ച്ഒ യുടെ മുറിയിൽ എത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് പ്രതിക്കോളത്തിൽ തങ്ങളുടെ എസ്ഐയും എസ്എച്ച്ഒ യും ആണെന്ന് സ്റ്റേഷനിലെ പോലീസുകാർ അറിഞ്ഞത്. സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയതിനാൽ രക്ഷപ്പെടാൻ കഴിയാത്ത വിധം ബിന്ദുലാൽ കുരുക്കിലാകുകയായിരുന്നു.ഈ ഘട്ടത്തിലാണ് എസ്‌ഐ ബിന്ദുലാലിനും പൊലീസുകാർക്കും കാര്യങ്ങളുടെ ഗൗരവം മനസിലാകുന്നത്. അവധിയില്‍ ആയിരുന്നത് കൊണ്ട് സിഐ സുനില്‍ ദാസ് സ്വന്തം സ്റ്റേഷനിൽ നിന്ന് അറസ്റ്റിലാകുന്ന നടപടിയിൽ നിന്ന് കഷ്ടിച്ച്‌ രക്ഷപെട്ടു. എസ്‌ഐയുടെ അറസ്റ്റ് വിവരം പുറത്തറിഞ്ഞതോടെ സിഐ സുനിൽദാസ് ഒളിവില്‍ പോയി. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായാണ് വിവരം.

Post a Comment

0 Comments