
സ്വന്തം ലേഖകൻ
തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി എയർപോർട്ട് വൃത്തിയാക്കാൻ റോബോട്ട് എത്തുന്നത് തിരുവനന്തപുരത്ത്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ജൻറോബോട്ടിക്സ് നിർമ്മിക്കുന്ന റോബോട്ടുകളെയാണ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ശുചീകരണത്തിനായി നിയോഗിക്കുന്നത്. കനാൽ ശുചീകരണവും മഴവെള്ളം നീക്കം ചെയ്യലുമാണ് റോബോട്ടുകളുടെ ചുമതല. ഇതുസംബന്ധിച്ച് അദാനി ഗ്രൂപ്പും ജൻറോബട്ടിക്സും തമ്മിൽ ധാരണയായി.
വെൽബോർ എന്ന റോബട്ടിനെയാണ് ജൻറോബട്ടിക്സ് വിമാനത്താവളത്തിനു വേണ്ടി നിർമിക്കുന്നത്. 60 ദിവസത്തിനകം റോബട്ടിനെ കൈമാറണം. ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിക്കുവേണ്ടിയുള്ള തിരച്ചിലിലിനായി റോബട്ടിനെ ഇറക്കിയത് ജൻറോബോട്ടിക്സാണ്. ആമയിഴഞ്ചാൻ തോട്ടിൽ ബാൻഡികൂട്ട്, ഡ്രാക്കോ എന്നീ റോബട്ടുകളെ ഇറക്കി മാലിന്യം നീക്കം ചെയ്യാനും ജോയിയെ കണ്ടെത്താനും ജൻറോബട്ടിക്സ് നടത്തിയ പ്രവർത്തനങ്ങളാണ് അദാനി ഗ്രൂപ്പിനെ ആകർഷിച്ചത്. ഇതിനു പിന്നാലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു.
0 Comments