
സ്വന്തം ലേഖകൻ
ഡോണൾഡ് ട്രംപിനെ കൊല്ലാൻ ഇറാൻ ഗൂഢാലോചന നടത്തിയതായി അറിഞ്ഞതിനെ തുടർന്ന് ആഴ്ചകൾക്ക് മുമ്പേ അദ്ദേഹത്തിൻ്റെ സംരക്ഷണം വർധിപ്പിച്ചതായി ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പെൻസിൽവാനിയയിൽ ശനിയാഴ്ച നടന്ന വധശ്രമവും ഇറാൻ്റെ ഗൂഢാലോചനയും തമ്മിൽ ബന്ധമൊന്നുനില്ലെന്നും അവർ വ്യക്തമാക്കി. സുരക്ഷ കർശനമാക്കിയിട്ടുണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. എന്നിട്ടും 20 കാരനായ തോമസ് മാത്യു ക്രൂക്‌സിന് എങ്ങനെ ഒരു കെട്ടിടത്തിൽ കയറാനും ട്രംപിന് നേരെ വെടിയുതിർക്കാൻ കഴിയുന്നത്ര അടുത്തെത്താനും കഴിഞ്ഞു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സുരക്ഷാ സേനകൾ നേരിടുകയാണ്. ഇറാൻ്റെ ഭീഷണിയെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെയും ട്രംപിനെയും അറിയിക്കുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. ജൂണിൽ സീക്രട്ട് സർവീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിൽ കൂടുതൽ കൌണ്ടർ-സ്നൈപ്പർ ഏജൻ്റുമാർ, ഡ്രോണുകൾ, റോബോട്ടിക് നായ്ക്കൾ എന്നിവ ഉൾപ്പെട്ടിരുന്നു. ഇറാൻ പദ്ധതിയിട്ട ഓപ്പറേഷൻ്റെ വിശദാംശങ്ങൾ “ഹ്യൂമൻ സോഴ്‌സ് ഇൻ്റലിജൻസ്” വഴിയാണ് ലഭിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ ഖുദ്‌സ് സേനയുടെ കമാൻഡറായിരുന്ന ഖാസിം സുലൈമാനിയെ 2020-ൽ ഇറാഖിൽ വച്ച് ഡ്രോൺ ഉപയോഗിച്ച് കൊലപ്പെടുത്തിയ അന്നു മുതൽ ട്രംപും അദ്ദേഹത്തിൻ്റെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഇറാൻ്റെ നോട്ടപുള്ളികളാണ്. പെൻസിൽവാനിയയിലെ ബട്ട്‌ലർ കൗണ്ടി ഫെയർഗ്രൗണ്ടിൽ നടന്ന റാലിക്കിടെ എങ്ങനെ സുരക്ഷാ വീഴ്ചയുണ്ടായി? ആർക്കാണ് പിഴച്ചത്? പോലീസ് ഉദ്യോഗസ്ഥരും സീക്രട്ട് സർവീസ് ഏജൻ്റുമാരും നോക്കിനിൽക്കെ എങ്ങനെയാണ് ക്രൂക്‌സ് ഇത്രയധികം അടുത്തെത്തി വെടി ഉതിർത്തത്? ഈ ചോദ്യങ്ങൾക്ക് വിവിധാ സുരക്ഷാ വിഭാഗങ്ങൾ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. 148 മീറ്റർ അകലെ ട്രംപിനെ ലക്ഷ്യമാക്കി ക്രൂക്ക്‌സ് കെട്ടിടത്തിൻ്റെ മേൽക്കൂരയിലിരിക്കുമ്പോൾ ലോക്കൽ പോലീസ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി സീക്രട്ട് സർവീസ് ഡയറക്ടർ സമ്മതിച്ചു. എന്നാൽ അക്രമിയിരുന്ന കെട്ടിടം ഉൾക്കൊള്ളുന്ന പ്രദേശത്തിൻ്റെ ഉത്തരവാദിത്തം തങ്ങൾക്ക് അല്ലെന്ന് സ്റ്റേറ്റ് പൊലീസ് പറയുന്നു. മാത്രമല്ല 30 മുതൽ 40 വരെട്രൂപ്പേഴ്സ് ഉൾപ്പെടെ സീക്രട്ട് സർവീസ് ആവശ്യപ്പെട്ട എല്ലാ സൌകര്യങ്ങളും നൽകിയതായി സംസ്ഥാന പൊലീസ് പറയുന്നു. തോക്കുധാരി ട്രംപിനെ കൊല്ലുന്നതിന് ഇത്ര അടുത്ത് എത്തിയതെങ്ങനെ എന്നതിനെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണത്തിന് പ്രസിഡൻ്റ് ജോ ബൈഡൻ ഉത്തരവിട്ടുണ്ട്.
0 Comments