
ഇൻഷാദ് സജീവ്
കൊല്ലം : നവംബർ ഒന്ന് വരെ സാമ്പ്രാണിക്കോടിയുമായി ബന്ധപ്പെട്ട ടൂറിസം സർവ്വീസുകൾ എല്ലാം നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. കൊല്ലം ജില്ലാ കളക്ടർ എൻ.ദേവീദാസ് ഐ.എ.എസ്-ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അലസിപ്പിരിഞ്ഞതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം കടുത്ത തീരുമാനമെടുത്തത്. സാമ്പ്രാണിക്കോടി തുരുത്തിലേക്ക് ബോട്ട് സർവ്വീസ് നടത്തുന്നതിനായി മണലിൽ ക്ഷേത്രക്കടവിൽ പുതിയ ഡി.റ്റി.പി.സി കൗണ്ടർ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ആദ്യ സർവീസിനിടെയുണ്ടായ മറ്റ് ബോട്ട് തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്ഘാടനം ദിവസം തന്നെ ഈ സെൻറർ അടച്ചുപൂട്ടുകയായിരുന്നു.
തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് അനുരഞ്ജന ചർച്ച നടത്തുകയും എന്നാൽ ബോട്ട് തൊഴിലാളികൾ പ്രധാനമായും ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ഈ ചർച്ച തീരുമാനമാകാതെ പിരിയുകയും കഴിഞ്ഞ ദിവസങ്ങളായി സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള എല്ലാ ബോട്ടിംഗ് സർവ്വീസുകളും പോലീസ് നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയും ആയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
നവംബർ ഒന്നു മുതൽ നിലവിലെ സാമ്പ്രാണിക്കോടി ബോട്ടിംഗ് കൗണ്ടർ, മണലിൽ കടവ് ബോട്ടിംഗ് കൗണ്ടർ, കുരീപ്പുഴ ബോട്ടിംഗ് കൗണ്ടർ തുടങ്ങിയ മൂന്നു കൗണ്ടറുകളിൽ നിന്നായി ബോട്ടിംഗ് സർവീസുകൾ ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും ഡിടിപിസിയുടെയും പുതിയ നീക്കം. മാത്രമല്ല ഓഫ്ലൈൻ ടിക്കറ്റ് ഒഴിവാക്കി പൂർണമായും ഓൺലൈൻ ടിക്കറ്റ് സംവിധാനം കൊണ്ടുവരാനാണ് ഡിടിപിസി ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ട പ്രാഥമിക നടപടികൾ കൈക്കൊള്ളാനാണ് നവംബർ ഒന്നു വരെ അടച്ചിടാൻ തീരുമാനിച്ചത് എന്നാണ് ലഭ്യമായ സൂചനകളിൽ നിന്നുള്ള വിവരം.
0 Comments