കൊല്ലം : പരവൂരിൽ മദ്യപിക്കാൻ പണം നൽകാത്ത വിരോധത്തിൽ പിതാവ് ഉറങ്ങിക്കിടന്ന മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പരവൂർ കുറുമണ്ടല്‍ പടിഞ്ഞാറ്റേ ഭാഗം വീട്ടില്‍ ആർ. അഭിലാഷിനാണ് (18) ഗുരുതരമായി പരിക്കേറ്റത്. പ്രതിയായ പിതാവ് രാജേഷ് എന്ന സുനി (50) നെ പരവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് അക്രമം നടന്നത്. നഗരസഭയില്‍ നിന്ന് വീട് അറ്റകുറ്റപ്പണിക്കായി ലഭിച്ച 35,000 രൂപയിൽ നിന്ന് മദ്യപിക്കാൻ പണം രജേഷ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകൻ പണം നൽകിയില്ല. ഇതാണ് പ്രകോപനമായെന്ന് പൊലീസ് പറഞ്ഞു. പണം അഭിലാഷ് സൂക്ഷിച്ചിരിക്കുകയായിരുന്നു. വൈകിട്ട് പിതാവ് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
തുടർന്ന് രാജേഷ് മദ്യപിച്ചു വീട്ടിലെത്തി, പുലർച്ചെ ഉറങ്ങിക്കിടന്ന മകനെ കത്താളുപയോഗിച്ച് മുഖത്തും കഴുത്തിനും കൈക്കുമാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. അക്രമസമയത്ത് അമ്മ നിലവിളിച്ചതോടെ സമീപവാസികൾ എത്തിയാണ് പോലീസിനെയും മുനിസിപ്പൽ കൗൺസിലറെയും വിളിച്ചത്.
സംഭവത്തിനുശേഷം രാജേഷ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ആറ്റിന്റെ കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments