തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അഡ്വ. ലാലി വിന്‍സന്റിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. അനന്തുകൃഷ്ണനിൽ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട രേഖകൾക്കുറിച്ചാണ് ചോദ്യം ചെയ്തത്. ഈ കേസിൽ ഡീൻ കുര്യാക്കോസ് എംപി, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെയും മൊഴികൾ ഉടൻ എടുക്കുമെന്നാണ് വിവരം.
തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ലാലി വിന്‍സന്റ് പ്രതിയാണ്. അതുമായി ബന്ധപ്പെട്ടും അനന്തു കൃഷ്ണനുമായി നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുമാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നീക്കം. നേരത്തെ തന്നെ 46 ലക്ഷം രൂപ കൈപ്പറ്റിയതായി ലാലി വിന്‍സന്റ് മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. എന്നാൽ വക്കീൽ ഫീസ് എന്ന നിലയിലാണ് തുക കൈപ്പറ്റിയതെന്ന് അവർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ വിശദീകരിച്ചു. എന്നാൽ, താൻ നൽകിയ ഈ വിശദീകരണം ക്രൈംബ്രാഞ്ച് ഇതുവരെ വിശ്വാസയോഗ്യമെന്ന് അംഗീകരിച്ചിട്ടില്ല. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന ആസൂത്രണത്തിൽ ലാലി വിന്‍സന്റിന് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതാണ് ഇപ്പോഴത്തെ അന്വേഷണം. ഇവരെ മൂന്ന് തവണയിലധികം ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇവരെ കൂടുതൽ തവണ ചോദ്യം ചെയ്യാനുള്ള സാധ്യത ഉണ്ട്.
0 Comments