banner

വീടുകളിൽ നടക്കുന്ന പ്രസവങ്ങളെക്കുറിച്ചുള്ള പ്രചാരണം: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്


തിരുവനന്തപുരം : വീടുകളിൽ നടക്കുന്ന പ്രസവങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നത് ഗുരുതരമായി കാണുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. യൂട്യൂബ് ഉള്പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് ആർആർടി (Rapid Response Team) യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 400 പ്രസവങ്ങൾ വീടുകളിൽ നടക്കുന്നത് കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെന്നും, അശാസ്ത്രീയ മാർഗങ്ങളിലൂടെ നടക്കുന്ന പ്രസവങ്ങൾ സമൂഹത്തിന് ഗുരുതരമായ ആരോഗ്യഭീഷണിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിഥി തൊഴിലാളികൾക്കും ആദിവാസി മേഖലയിലുമാണ് വീട്ടിൽ പ്രസവം സാധാരണയാകുന്നത്. ഇതിന്റെ കാരണങ്ങൾ വിശദമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

വീട്ടിൽ പ്രസവത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തമാക്കുകയും, ഓരോ പ്രദേശത്തെയും കൃത്യമായ വിവരങ്ങളും ഡാറ്റയും ശേഖരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം ജില്ലാ ഭരണകൂടങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിനൊപ്പം മറ്റു വകുപ്പുകളും ചേർന്ന് ഏകോപിതമായി പ്രവർത്തിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

Post a Comment

0 Comments