ലണ്ടൻ : ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയായ ജോനസ് ജോസഫ് (ജോമോൻ – 52) ലണ്ടനിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമി ഏബ്രഹാം പാരാമെഡിക്കൽ സംഘത്തെ ഉടൻ വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ താമസിച്ചിരുന്ന ലണ്ടൻ ഫിഞ്ചിലെ റിവെൻഡെൽ കെയർ ആൻഡ് സപ്പോർട്ടിലായിരുന്നു സംഭവം.
സൗമി രണ്ട് വർഷം മുമ്പാണ് ജോലിയുടെ ഭാഗമായി യുകെയിലേക്ക് എത്തിയത്. പിന്നീട് ജോനസും കുടുംബവും ലണ്ടനിലേക്ക് കുടിയേറി. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട് – ജോഷ്വാ ജോനസ് (എട്ടാം ക്ലാസ് വിദ്യാർത്ഥി)യും അബ്രാം (മൂന്നാം ക്ലാസ് വിദ്യാർത്ഥി)യും. ജോനസ്, ഇരിങ്ങാലക്കുടയിലെ ചിറയത്ത് കോനിക്കര വീട്ടിൽ പരേതനായ ജോസഫ് – റോസ്മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തോംസൺ, ജോബി. അടുത്ത കുറച്ച് ദിവസങ്ങൾക്കകം കുടുംബമായി നാട്ടിൽ പോകാനായിരുന്നു പദ്ധതി. ജോനസിന്റെ അപ്രതീക്ഷിതമായ വേർപാടിൽ ലണ്ടനിലെ എഡ്മണ്ടൻ മലയാളി അസോസിയേഷൻ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മലയാളി സമൂഹം എന്നിവരും കുടുംബത്തിനൊപ്പം അടുക്കുന്നു. സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
---
0 Comments