കറാച്ചി : ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടി പാകിസ്ഥാനിൽ വ്യാപക നാശം വിതച്ചതായി റിപ്പോർട്ടുകൾ. ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബത്തിലെ പത്തു അംഗങ്ങളും നാല് അടുത്ത അനുയായികളും കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച പുലർച്ചെ 1.05ന് ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ, പാകിസ്ഥാനും പാക് അധീന കാശ്മീരിലുമായി പ്രവർത്തിച്ചിരുന്ന ജയ്‌ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമാക്കി ആക്രമണം നടന്നു.
ബിബിസി, ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ പ്രസ്താവനയെ ഉദ്ധരിച്ചാണ് കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്. മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും, സഹോദരിയുടെ മകനും ഭാര്യയും, ഒരു അനന്തരവളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ആക്രമണത്തിൽ മരിച്ചതായി സംഘടന പറഞ്ഞു. കൂടാതെ, മസൂദ് അസറിന്റെ ഏറ്റവും അടുത്ത അനുയായിയും അയാളുടെ മാതാവും മറ്റ് രണ്ട് അനുയായികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
1999-ലെ കാഠ്മണ്ഡു-ഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനത്തിന്റെ ഹിജാക്കിംഗിനും മസൂദ് അസറിന് ബന്ധമുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും ബന്ദികളാക്കിയ സംഭവത്തിൽ ഇന്ത്യ, മസൂദ് അസർ അടക്കം മൂന്ന് ഭീകരരെ വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. ആ വിമാനം അമൃത്സർ, ലാഹോർ, ദുബായ് വഴി താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ നഗരത്തിലേക്ക് കൊണ്ടുപോയി. വിമാനം റാഞ്ചിയ ഭീകരർ അതിലുണ്ടായിരുന്ന ഒരാളെ കൊലപ്പെടുത്തിയിരുന്നു.
0 Comments