banner

പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ പാക് പതാക; രണ്ട് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ അറസ്റ്റിൽ


പശ്ചിമ ബംഗാളില്‍ റെയില്‍വേ സ്റ്റേഷന് സമീപം രഹസ്യമായി പാകിസ്താന്‍ പതാക സ്ഥാപിച്ച രണ്ടുപേര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ അകായ്പൂറിലാണ് രഹസ്യമായി പാകിസ്താന്‍ പതാക സ്ഥാപിച്ചത്. 

സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ചന്ദന്‍ മലകാര്‍ (30), പ്രോഗ്യജിത് മോണ്ടല്‍ (45) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വാഷ്റൂമില്‍ പതാകകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പതാക സ്ഥാപിച്ച ശേഷം അതിന്റെ ചിത്രമെടുത്ത് ഇവര്‍ തന്നെ പ്രകോപനപരമായ കുറിപ്പുകളോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. 

വാഷ്റൂമില്‍ ‘ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്, പാകിസ്താന്‍ സിന്ദാബാദ്’ എന്നെഴുതാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ആളുകള്‍ വന്നതിനാല്‍ അത് ഒഴിവാക്കേണ്ടി വന്നെന്നും പ്രതികള്‍ മൊഴി നല്‍കി. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുന്നവരെ വെറുതെവിടില്ലെന്ന് ബന്‍ഗാവ് പോലീസ് മേധാവി പറഞ്ഞു.

Post a Comment

0 Comments