Iklan

Iklan

,

Iklan

Video

കപ്പലപകടം: കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യൽ ആരംഭിച്ചു

SPECIAL CORRESPONDENT
, Monday, May 26, 2025 WIB Last Updated 2025-05-26T16:15:07Z

കൊല്ലം : കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ-3 ചരക്കുകപ്പലിൽ നിന്ന് കൊല്ലം ജില്ലയുടെ വിവിധ തീരദേശ മേഖലകളിൽ വന്നടിഞ്ഞ 32 കണ്ടെയ്നറുകൾ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂർ വില്ലേജുകളുടെ പരിധിയിലാണ് കണ്ടെയ്നറുകൾ അടിഞ്ഞത്.ബഹുഭൂരിപക്ഷം കണ്ടെയ്നറുകളും ക്രെയിനുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലാണ്. ഇവ കടൽമാർഗം വലിച്ചുകൊണ്ടുപോയി കൊല്ലം പോർട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കപ്പലിന്റെ ഉടമകളായ എം.എസ്.സി കമ്പനി, കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനുള്ള കരാർ വാട്ടർ ലൈൻ എന്ന കമ്പനിക്ക് നൽകി. തകർന്ന കണ്ടെയ്നറുകളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് ടി ആൻഡ് ടി സാൽവേജ് കമ്പനിയുടെ പ്രതിനിധികളും ജില്ലയിലെത്തി. ശാസ്ത്രീയമായ മാലിന്യശേഖരണവും സംസ്കരണവും 27 മെയ് 2025 മുതൽ ആരംഭിക്കും.

രാസദുരന്ത പ്രതികരണത്തിൽ വൈദഗ്ധ്യമുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) പ്രത്യേക സംഘവും ജില്ലയിലെത്തി. കണ്ടെയ്നറുകളുടെ പരിശോധനയ്ക്കായി കസ്റ്റംസ് അധികൃതരും സ്ഥലത്തുണ്ട്. കപ്പലിൽ 643 കണ്ടെയ്നറുകളിൽ 73 എണ്ണം കാലിയാണെന്നും, 13 എണ്ണത്തിൽ കാൽസ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി.അടിയന്തിര സാഹചര്യം വിലയിരുത്താൻ ചവറ കെഎംഎംഎൽ ഗസ്റ്റ് ഹൗസിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. എഡിഎം ജി. നിർമ്മൽ കുമാർ, സബ് കലക്ടർ നിഷാന്ത് സിഹാര, കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന, ഡെപ്യൂട്ടി കലക്ടർ ജയശ്രീ, പോർട്ട് ഓഫീസർ, തഹസിൽദാർമാർ, എൻഡിആർഎഫ്, കസ്റ്റംസ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണ അതോറിറ്റി, കെഎംഎംഎൽ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.കണ്ടെയ്നറുകളിൽ നിന്ന് അകലം പാലിക്കണമെന്നും ഇവ കൈകാര്യം ചെയ്യാൻ ശ്രമിക്കരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു. മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തദ്ദേശവാസികളുടെ സഹകരണം ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents