banner

ചന്ദ്രന്‍ സ്വര്‍ണശോഭയില്‍ വെട്ടിത്തിളങ്ങും…സ്ട്രോബറി മൂൺ’ ഇന്ന് ദൃശ്യമാകും…

തിരുവനന്തപുരം : ഇന്ന് (ജൂണ്‍ 11) ബഹിരാകാശ കുതുകികള്‍ക്ക് അപൂര്‍വ ദൃശ്യവിരുന്ന് ആകാശത്ത് ദൃശ്യമാകും. അപൂര്‍വമായി മാത്രം സംഭവിക്കുന്ന പൂര്‍ണ ചന്ദ്രനായ ‘സ്ട്രോബറി മൂൺ’ ദിനമാണിന്ന്. 2025ലെ ഏറ്റവും പ്രധാനപ്പെട്ട ചാന്ദ്ര പ്രതിഭാസങ്ങളിലൊന്നായാണ് സ്ട്രോബറി മൂൺ വിശേഷിപ്പിക്കപ്പെടുന്നത്. രണ്ട് പതിറ്റാണ്ടിനിടയിലെ പ്രധാന ലൂണാര്‍ ‘സ്റ്റാന്‍ഡ്‌സ്റ്റില്‍’ കൂടിയാണ് ഇന്ന് സംഭവിക്കുക.

സ്ട്രോബറി മൂൺ എന്ന പേര് എങ്ങനെ വന്നു?

സ്ട്രോബറി മൂൺ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യ മനസിലേക്ക് വരിക ചന്ദ്രന്‍ ഇന്ന് പിങ്ക് നിറത്തിലോ ചുവപ്പ് നിറത്തിലോ ഭൂമിയില്‍ നിന്ന് ദൃശ്യമാകും എന്നായിരിക്കും. എന്നാല്‍ തെറ്റി, മഞ്ഞയോ ഓറഞ്ചോ നിറത്തിലായിരിക്കും ചക്രവാളത്തിൽ ചന്ദ്രൻ ദൃശ്യമാകുന്നത്. പിന്നെങ്ങനെയാവും ഈ ചാന്ദ്ര പ്രതിഭാസത്തിന് സ്ട്രോബറി മൂൺ എന്ന പേര് വന്നിട്ടുണ്ടാവുക എന്ന സംശയമുയരുക സ്വാഭാവികം. 

സ്ട്രോബറി മൂൺ എന്ന ആകാശ വിസ്‌മയം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അൽഗോൺക്വിൻ (Algonquin) ഉൾപ്പെടെയുള്ള തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളിൽ നിന്നാണ് ഈ പേരിന്‍റെ ഉല്‍പ്പത്തി. വടക്കേ അമേരിക്കയില്‍ സ്ട്രോബെറിയുടെ ചെറിയ വിളവെടുപ്പ് കാലം അടയാളപ്പെടുത്തുന്ന പൂര്‍ണ ചന്ദ്രനാണ് സ്ട്രോബറി മൂൺ. യൂറോപ്പില്‍ റോസ് മൂണ്‍, ഹണി മൂണ്‍ എന്നീ പേരുകളിലും സ്ട്രോബറി മൂൺ അറിയപ്പെടുന്നു. ചൈനയിലാവട്ടെ ലോട്ടസ് മൂണ്‍ എന്ന വിശേഷമാണ് ഇതിനുള്ളത്.

Post a Comment

0 Comments