കൊല്ലം : വിക്ടോറിയ ആശുപത്രിക്ക് മുന്നിലെ റോഡിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ട് രോഗികൾ ദുരിതത്തിലായി. താലൂക്ക് കച്ചേരിയിൽ നിന്ന് ജില്ലാ ആശുപത്രിക്ക് മുന്നിലൂടെ വിക്ടോറിയയിലേക്കുള്ള റോഡിൽ ഓട കവിഞ്ഞ് മലിനജലം കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒഴിയാതെ ആശുപത്രി കവാടം വരെ എത്തി. അസഹ്യമായ ദുർഗന്ധവും മാലിന്യം നിറഞ്ഞ വെള്ളവും രോഗികൾക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
നേരത്തെ, സമാനമായ വെള്ളക്കെട്ടിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോൾ ജെ.സി.ബി ഉപയോഗിച്ച് ഓടയിലെ സ്ലാബുകൾ നീക്കി മാലിന്യം ശുചീകരിച്ചിരുന്നു. എന്നാൽ, ഓടയുടെ ശുചീകരണം ഭാഗികമായി മാത്രമാണ് നടന്നത്. ആശുപത്രിക്ക് സമീപമുള്ള ഓടകൾ കവിഞ്ഞ് മലിനജലം റോഡിൽ 50 മീറ്ററോളം വ്യാപിച്ച് കെട്ടിക്കിടക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഈ ദുരവസ്ഥ തുടരുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
വിക്ടോറിയ ആശുപത്രിക്ക് മുന്നിലൂടെയുള്ള ഓട, സ്വകാര്യ ഭൂമിയിലൂടെ ചിന്നക്കട-ഹൈസ്കൂൾ ജംഗ്ഷൻ റോഡിലേക്ക് പ്രവേശിച്ച് അഷ്ടമുടി കായലിലേക്കാണ് ഒഴുകുന്നത്. റോഡിനോട് ചേർന്നുള്ള ഓടയിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞെങ്കിലും, സ്വകാര്യ ഭൂമിയിലെ ഭാഗങ്ങൾ പൂർണമായി ശുചീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ചില സ്ഥാപനങ്ങൾ ദുർഗന്ധം ഒഴിവാക്കാൻ ഓടകൾ ഭാഗികമായി അടച്ചതും വെള്ളക്കെട്ടിന് കാരണമാകുന്നു. മഴയില്ലാത്ത സമയങ്ങളിൽ പോലും ഓടയിൽ മലിനജലം കെട്ടിനിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
ഓരോ മഴക്കാലത്തും താത്കാലിക പരിഹാരങ്ങൾ മാത്രമാണ് അധികൃതർ നടപ്പാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. “വിക്ടോറിയ ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്കും വഴിയാത്രക്കാർക്കും ഈ വെള്ളക്കെട്ട് ഗുരുതരമായ ബുദ്ധിമുട്ടാണ്. ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം,” നാട്ടുകാർ ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ആശുപത്രി ജീവനക്കാരും അഭിപ്രായപ്പെട്ടു.
0 Comments