banner

കൊല്ലം ബൈപ്പാസിൽ വെള്ളക്കെട്ട്: കടവൂരിൽ അശാസ്ത്രീയമായ ഓട മൂലം ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു, വീട്ടിൽ വെള്ളം കയറി


അഞ്ചാലുംമൂട് : കൊല്ലം ബൈപ്പാസിൽ കടവൂർ പള്ളിവെട്ടിച്ചിറയ്ക്ക് സമീപം പഴയ സിഗ്നൽ പോയിന്റിനടുത്ത് ദേശീയപാതയുടെ ഭാഗമായ ഓടയുടെ അശാസ്ത്രീയ നിർമാണം മൂലം കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗതം മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. പുലർച്ചെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഈ റൂട്ടിലെ ഗതാഗതം പൂർണമായി നിലച്ചു. ബൈപ്പാസിന്റെ നിർമാണം നടക്കുന്ന ഭാഗത്ത് വലിയ തോതിൽ വെള്ളം കെട്ടിനിന്നത് കനത്ത മഴയിൽ സർവീസ് റോഡിലേക്ക് ഒഴുകിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. വെള്ളക്കെട്ട് മൂലം കാവനാട് ഭാഗത്തു നിന്ന് വന്നവർ കടവൂർ ജംഗ്ഷൻ വഴി യാത്ര തുടരേണ്ടി വന്നു. സമീപത്തെ വയലിൽ കരോട്ടു വീട്ടിൽ 65-കാരിയായ വിജയമ്മയുടെ വീട്ടിലേക്ക് പുലർച്ചെ വെള്ളം ഇരച്ചെത്തി. രോഗിയായ ഭർത്താവും മകനും ഭാര്യയും 5, 8 വയസ്സുള്ള കുട്ടികളും താമസിക്കുന്ന വീടിൻ്റെ അടുക്കളയിലേക്ക് ഉൾപ്പെടെ വെള്ളം കയറി. 'ആഹാരം പാകം ചെയ്യാൻ കഴിഞ്ഞില്ല, മകന് ജോലിക്ക് പോകാനും സാധിച്ചില്ല' - വിജയമ്മ സിറാജിനോട് പറഞ്ഞു. വിവരമറിഞ്ഞ് കൗൺസിലർ ഉൾപ്പെടെയുള്ളവരും ദേശീയപാത അധികൃതരും രാവിലെ സ്ഥലത്തെത്തി.

കഴിഞ്ഞ തവണ ഹൈവേ കൺസ്ട്രക്ഷൻ കമ്പനി റോഡിലെ വെള്ളം പമ്പ് ചെയ്ത് വിജയമ്മയുടെ വീട്ടിലേക്ക് കയറ്റിയിരുന്നു. പ്രാദേശികവാസികളുടെ പ്രതിഷേധത്തെ തുടർന്ന് അവർ ഇത് നിർത്തുകയും ഭാവിയിൽ പ്രശ്നം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇത്തവണ വീണ്ടും വെള്ളം കയറിയതോടെ വെള്ളക്കെട്ട് പരിഹരിക്കാൻ റോഡ് നാലടിയോളം കുഴിച്ച് ഓടയുടെ സ്ലാബിൽ ദ്വാരമിട്ടാണ് താൽക്കാലിക സൗകര്യമൊരുക്കിയത്. മഴ തുടരുന്നതിനാൽ വീടിനോട് ചേർന്ന് നാലടി താഴ്ചയിൽ എടുത്ത കുഴി മൂടാൻ നിലവിൽ സാധിക്കില്ലെന്ന് കൺസ്ട്രക്ഷൻ കമ്പനി അറിയിച്ചു. 'അടുത്ത മഴയിൽ വെള്ളം ഈ ഓടവഴി ഒഴുകിപ്പോകും. അധിക വെള്ളം കുഴിയിലേക്ക് ഇറങ്ങുമെന്നാണ് പ്രതീക്ഷ. തൽക്കാലം കുഴി മൂടാൻ നിർവാഹമില്ല' - കമ്പനി അധികൃതർ വ്യക്തമാക്കി. കുഴിക്ക് ചുറ്റും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

നിർമാണം പുരോഗമിക്കുന്ന ബൈപ്പാസിന്റെ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നത് ശാശ്വത പരിഹാരത്തിന് തടസ്സമാകുന്നുണ്ട്. എന്നാൽ, സർവീസ് റോഡ് താഴ്ചയിൽ നിർമാണം പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടിന് സ്ഥിരമായ പരിഹാരം ലഭിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. അശാസ്ത്രീയ റോഡ് നിർമാണമാണ് വെള്ളക്കെട്ടിനും വീടുകളിലേക്ക് വെള്ളം കയറുന്നതിനും കാരണമെന്ന് ആരോപിച്ച് അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ദിജോ ദിവാകരൻ രംഗത്തെത്തി. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments