അഞ്ചാലുംമൂട് : പനയം താന്നിക്കമുക്ക് റേഷൻ കടയ്ക്ക് സമീപം വീട്ടിൽ ജോലിക്ക് നിന്നിരുന്ന യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. കാസർഗോഡ് ബന്തടുക്ക സ്വദേശിനി രേവതി (36) യാണ് മരിച്ചത്. രേവതിയെ കത്തികൊണ്ട് കുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ട കല്ലുവാതുക്കൽ ജിഷ മൻസിലിൽ ജിനുവിനെ മണിക്കൂറുകൾക്കകം ശൂരനാട്ട് വച്ച് കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ അഞ്ചാലുംമൂട് പോലീസിന് കൈമാറി. മാസങ്ങളായി താന്നിക്കമുക്ക് ഷാനവാസ് മൻസിലിൽ വയോധികനെ പരിചരിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു രേവതി. സംഭവ ദിവസം രാത്രി ഇവിടെ അതിക്രമിച്ചെത്തിയ ജിനു രേവതിയുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് യുവതിയെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ രേവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിന് ശേഷം പ്രതി താൻ ജോലി ചെയ്യുന്ന ശാസ്താംകോട്ട ഭരണിക്കാവിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എത്തി സഹപ്രവർത്തകനോട് ഭാര്യയെ കുത്തിയ വിവരം തുറന്നുപറഞ്ഞു. സഹപ്രവർത്തകൻ സ്ഥാപന ഉടമയെ ബന്ധപ്പെട്ടതോടെ ഉടമ പോലീസിന് വിവരം കൈമാറി. തുടർന്നാണ് പോലീസ് എത്തി പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് അഞ്ചാലുംമൂട് പോലീസ് തെളിവെടുപ്പ് നടത്തി. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ജിനുവും രേവതിയും വിവാഹിതരായത്. ജിനുവിന് സംശയരോഗമുണ്ടായിരുന്നതായും രേവതിയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ തർക്കങ്ങളും പതിവായിരുന്നതായി പോലീസ് വ്യക്തമാക്കി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന രേവതിയുടെ മൃതദേഹം ബന്ധുക്കൾ എത്തിയ ശേഷം നടപടിക്രമങ്ങൾ തീർത്ത് വിട്ടുനൽകും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കിളികൊല്ലൂർ സി.ഐയ്ക്കാണ് അന്വേഷണ ചുമതല.
0 Comments