അമരാവതി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'മോന്ത' ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊട്ടു. ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച കാറ്റ് നാലു മണിക്കൂറിനകം പൂര്‍ണായി കരകയറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാപ്രദേശ് തീരത്ത് അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഈ സമയത്ത് കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90-100 കിലോമീറ്ററും ചിലപ്പോള്‍ 110 കിലോമീറ്റര്‍ വരെയും ആയേക്കാം.
ആന്ധ്രാപ്രദേശിലെ കാക്കിനട, കൃഷ്ണ, എലൂരു, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, ഡോ. ബി.ആര്‍. അംബേദ്കര്‍ കോനസീമ, അല്ലൂരി സീതാരാമരാജു ജില്ലയിലെ ചിന്തൂര്‍, രാംപച്ചോടവരം ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതം രൂക്ഷമാകാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്തെ 22 ജില്ലകളിലായി 403 പ്രദേശങ്ങളെ കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി ഏഴ് ജില്ലകളിലെ വാഹന ഗതാഗതം ചൊവ്വാഴ്ച രാത്രി 8.30 മുതല്‍ ബുധനാഴ്ച രാവിലെ 6 മണി വരെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. താഴ്ന്ന പ്രദേശങ്ങളിലെ നെല്ല്, പച്ചക്കറി വിളകള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാടങ്ങളിലെ അധികജലം നീക്കം ചെയ്യാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി.
അടിയന്തര ആശയവിനിമയം ഉറപ്പാക്കാന്‍ 81 വയര്‍ലെസ് ടവറുകളും 21 വലിയ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. മരം വീണാല്‍ നീക്കം ചെയ്യാന്‍ 1,447 എര്‍ത്ത്മൂവറുകള്‍, 321 ഡ്രോണുകള്‍, 1,040 ചെയിന്‍സോകള്‍ എന്നിവ സജ്ജമാക്കി. കൂടാതെ, 3.6 കോടി ജാഗ്രതാ സന്ദേശങ്ങള്‍ സംസ്ഥാനത്തുടനീളമുള്ള താമസക്കാര്‍ക്ക് കൈമാറി.
അതേസമയം, ചുഴലിക്കാറ്റിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 8.30നും വൈകിട്ട് 4 മണിക്കും ഇടയില്‍ നെല്ലൂര്‍ ജില്ലയിലെ ഉലവാപടുവില്‍ 12.6 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നെല്ലൂര്‍ ജില്ലയിലാണെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതിതീവ്ര ചുഴലിക്കാറ്റ് 'മോന്ത' ഒഡീഷയിലെ തീരദേശ, തെക്കന്‍ ജില്ലകളിലും കനത്ത മഴയ്ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമായതായി റിപ്പോര്‍ട്ടുണ്ട്. വൈകിട്ട് 7 മണിയോടെ കാക്കിനടയില്‍ കരകയറ്റം തുടങ്ങിയ കാറ്റിന്റെ പ്രക്രിയ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ തുടരുമെന്ന് ഭുവനേശ്വര്‍ കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ. മനോരമ മൊഹന്തി അറിയിച്ചു. കരകയറ്റ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 110 കിലോമീറ്റര്‍ വരെയും എത്തുമെന്ന് മൊഹന്തി പറഞ്ഞു.
മല്‍ക്കന്‍ഗിരി, കൊറാപുട്ട്, റായഗഡ, ഗജപതി, ഗഞ്ചം, കണ്ടമാല്‍, കലഹണ്ടി, നബരംഗ്പൂര്‍ ഉള്‍പ്പെടെ എട്ട് തെക്കന്‍ ജില്ലകളില്‍ നാശനഷ്ട റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഗജപതി ജില്ലയിലെ അനാക ഗ്രാമപഞ്ചായത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തി മലയിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. റായഗഡ ജില്ലയിലെ ഗുണുപൂര്‍, ഗുഡാരി, രാംനഗൂഡ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു.
ഗജപതിയില്‍ ദുരിതാശ്വാസ കേന്ദ്രത്തിന്റെ ചുമതലയിലുണ്ടായിരുന്ന സുരേന്ദ്ര ഗമാങ് എന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗജപതിയിലെ മോഹനയില്‍ കളിമണ്‍ ഭിത്തിയുള്ള ഒരു വീട് തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും മറ്റൊരു വീടിന്റെ ഷീറ്റ് മേല്‍ക്കൂര പറന്നുപോകുകയും ചെയ്തു. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി സംസ്ഥാനത്തെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയാണ്.

0 Comments