banner

സ്കൂളിൽ കടന്നുകയറി മോഷണശ്രമം...!, ഉറക്കം വന്നതോടെ കിടന്നുറങ്ങി; യുവാവ് പോലീസ് കസ്റ്റഡിയിലായി


ആറ്റിങ്ങൽ : മോഷണത്തിനായി പാതിരാത്രിയിൽ സ്കൂളിൽ കടന്നുകയറി. മുറി കുത്തിത്തുറന്ന് പരിശോധനകൾ നടത്തി. ഏതാനും സാധനങ്ങളും കുറച്ചു പണവും കൈക്കലാക്കി. അപ്പോഴേക്കും ഉറക്കം ശക്തമായി. പിന്നൊന്നുമാലോചിച്ചില്ല. സ്കൂൾ വരാന്തയിൽ നീണ്ടുനിവർന്നു കിടന്നുറങ്ങി. പിറ്റേന്നു പുലർച്ചെ സ്കൂളിലെ സുരക്ഷാജീവനക്കാരൻ വരാന്തയിൽ കിടന്നുറങ്ങുന്ന ആളെ കണ്ടു. സമീപത്ത് സ്കൂളിലെ സാധനങ്ങളും കണ്ടു. ഉടനെ പോലീസിനെ അറിയിച്ചു. പോലീസെത്തി വിളിച്ചപ്പോഴാണ് ആളുണർന്നത്. പോലീസിനെ കണ്ട് ഞെട്ടിയെങ്കിലും ആൾ രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. ആളെ കൈയോടെ കസ്റ്റഡിയിലെടുത്ത പോലീസ് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മുതലുകളൊന്നും നഷ്ടപ്പെടാത്തതിന്റെ ആശ്വാസത്തിലാണ് സ്കൂൾ അധികൃതർ. ആറ്റിങ്ങൽ സിഎസ്‌ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് മോഷണശ്രമം നടന്നത്. ആറ്റിങ്ങൽ സ്വദേശി വിനീഷാണ്(23) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലാണ്‌ സംഭവം നടന്നത്.

രാത്രി സ്കൂളിലെത്തിയ വിനീഷ് കാഷ് കൗണ്ടർ കുത്തിത്തുറന്ന് അതിനുള്ളിൽനിന്ന് ഒരു യുപിഎസും പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ കളക്ഷൻ പെട്ടികൾ തകർത്ത് അതിനുള്ളിലുണ്ടായിരുന്ന പണവും എടുത്തു. രാവിലെ ലൈറ്റണയ്ക്കാനെത്തിയ സുരക്ഷാജീവനക്കാരൻ കാഷ് കൗണ്ടർ തുറന്നുകിടക്കുന്നതും ലോക്കർ കുത്തിപ്പൊളിക്കാൻ ശ്രമിച്ചിരിക്കുന്നതും കണ്ടു. തുടർന്ന് ഹയർസെക്കൻഡറി ബ്ലോക്കിലേക്കെത്തിയപ്പോൾ അവിടെ ആൺകുട്ടികളുടെ ശൗചാലയത്തിനടുത്ത് നിലത്ത് കിടന്നുറങ്ങുന്നയാളെ കണ്ടു. സമീപത്തായി ആയുധങ്ങളും പണവും യുപിഎസും എല്ലാമുണ്ടായിരുന്നു. തുടർന്ന് സുരക്ഷാജീവനക്കാരൻ പോലീസിനെയും സ്കൂളധികൃതരെയും വിവരമറിയിച്ചു. പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്..

Post a Comment

0 Comments