ന്യൂഡൽഹി : വഖഫ് നിയമത്തിനെതിരെ ഒക്ടോബർ മൂന്നിന് (വെള്ളിയാഴ്ച) നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് ( എഐഎംപിഎൽബി ) അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് ഭാരത് ബന്ദ് മാറ്റിവച്ചതെന്ന് പ്രസ്താവനയിലൂടെ എഐഎംപിഎൽബി അറിയിച്ചു.
എഐഎംപിഎൽബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര ഭാരവാഹി യോഗത്തിന് ശേഷമാണ് ഭാരത് ബന്ദ് മാറ്റിവെക്കാനുള്ള തീരുമാനമെടുത്തതെന്ന് ബോർഡ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ചില സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന മതപരമായ ഉത്സവങ്ങൾ അതേ തീയതിയിൽ വരുന്നതിനാൽ ഭാരത് ബന്ദ് മാറ്റിവയ്ക്കുകയാണെന്ന് എഐഎംപിഎൽബി വക്താവും സേവ് വഖഫ് കാമ്പെയ്‌നിന്റെ ദേശീയ കൺവീനറുമായ ഡോ. എസ്ക്യുആർ ഇല്യാസ് പറഞ്ഞു.
നമ്മുടെ സഹ പൗരന്മാരുടെ മതപരമായ ഉത്സവങ്ങൾ ഒക്ടോബർ മൂന്നിന് പല പ്രദേശങ്ങളിലും നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ഇതോടെ ബോർഡ് കൂടിയാലോചനകൾ നടത്തി ബന്ദ് മാറ്റിവയ്ക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. “ഭാരത് ബന്ദ് മാറ്റിവച്ചിരിക്കുന്നു, പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കും. വഖഫ് വിരുദ്ധ നിയമത്തിനെതിരായ പ്രസ്ഥാനം ആസൂത്രണം ചെയ്തതുപോലെ തുടരും” – എന്ന് ഇല്യാസ് കൂട്ടിച്ചേർത്തു.
ഒക്ടോബർ മൂന്നിലെ ബന്ദ് പിൻവലിച്ചിട്ടുണ്ടെങ്കിലും, വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം മറ്റ് പ്രതിഷേധ പരിപാടികളുമായി തുടരുമെന്ന് എഐഎംപിഎൽബി ആവർത്തിച്ചു. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എഐഎംപിഎൽബി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.
ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കടകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ അടച്ചിടാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ഭാരത് ബന്ദ് ആചരിക്കേണ്ടതായിരുന്നത്. മെഡിക്കൽ സേവനങ്ങൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവ ബന്ദിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ബന്ദ് ഇപ്പോൾ അത് മാറ്റിവച്ചിരിക്കുന്നു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എഐഎംപിഎൽബി അറിയിച്ചു.
വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതായി അവകാശപ്പെടുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ എഐഎംപിഎൽബി രാജ്യവ്യാപകമായി പ്രചാരണത്തിന് നേതൃത്വം നൽകിവരികയാണ്. ബോർഡ് ഇതിനകം വിവിധ സംസ്ഥാനങ്ങളിൽ പൊതുയോഗങ്ങൾ, റാലികൾ, ഒപ്പുശേഖരണ കാമ്പയ്‌നുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് രാജ്യവ്യാപകമായി ബന്ദ് ഉൾപ്പെടെയുള്ള പ്രക്ഷോഭം പ്രഖ്യാപിച്ചത്.
.jpg)
0 Comments