banner

കരാറുകാരിൽ നിന്ന് വള്ളക്കടവ് റെയ്ഞ്ച് ഓഫീസർ കൈപറ്റിയത് 74 ലക്ഷം...!, തേക്കടി ഓഫീസർ 33 ലക്ഷം; ഓപ്പറേഷൻ 'വനരക്ഷ'യ്ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്പെൻഷൻ


തിരുവനന്തപുരം : വനംവകുപ്പ് ഓഫീസുകളിൽ പോലീസ് വിജിലൻസ് നടത്തിയ മിന്നൽപ്പരിശോധനയിൽ ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് റെയ്‌ഞ്ച്‌ ഫോറസ്റ്റ് ഓഫീസർമാരെ വനംവകുപ്പ് സസ്പെൻഡ് ചെയ്തു. പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി റെയ്‌ഞ്ച്‌ ഓഫീസർ സിബി കെ.ഇ., വള്ളക്കടവ് റെയ്‌ഞ്ച്‌ ഓഫീസർ അരുൺ കെ.നായർ എന്നിവർക്കാണ് സസ്പെൻഷൻ. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിൽ ശനിയാഴ്ചയായിരുന്നു 71 റെയ്ഞ്ച് ഓഫീസുകളിൽ പോലീസ് വിജിലൻസിന്റെ പരിശോധന.

വള്ളക്കടവ് റെയ്ഞ്ച് ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് ജൂൺ മുതൽ സെപ്റ്റംബർ വരെ ഒരു കരാറുകാരൻ 72,80,000 രൂപ നിക്ഷേപിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. റെയ്ഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ഇതേ കരാറുകാരൻ 1,36,500 രൂപ നൽകിയിട്ടുമുണ്ട്.

തേക്കടി റെയ്ഞ്ച് ഓഫീസറുടെ വാട്‌സാപ്പ്‌ പരിശോധിച്ചപ്പോൾ, ഇതേ കരാറുകാരൻ റെയ്ഞ്ച് ഓഫീസർ നല്കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 31,08,500 രൂപ നിക്ഷേപിച്ചെന്നും കണ്ടെത്തി. മറ്റ് രണ്ട് കരാറുകാരിൽനിന്ന്‌ ഇടനിലക്കാർ വഴിയും യുപിഐ മുഖേനയും 1,95,000 രൂപ ഇതേ റെയ്ഞ്ച് ഓഫീസർ കൈപ്പറ്റിയിട്ടുണ്ട്.

വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. വള്ളക്കടവ് റെയ്ഞ്ചിൽ വിവിധ ജോലികൾ സമയബന്ധിതമായി തീർക്കാൻ കരാറുകാരനു നൽകിയ പണം, ബിൽ പാസായപ്പോൾ തിരികെ നിക്ഷേപിച്ചതാണെന്നായിരുന്നു വള്ളക്കടവ് റെയ്ഞ്ച് ഓഫീസർ അരുൺ കെ.നായർ നൽകിയ വിശദീകരണം.

തേക്കടി റെയ്ഞ്ചിലെ വിവിധ ജോലികൾ സമയബന്ധിതമായി തീർക്കാൻ കരാറുകാർക്ക് റെയ്ഞ്ച് ഓഫീസർ നേരിട്ടു പണം നൽകേണ്ടിവരുന്നുണ്ടെന്നും തന്റെ അക്കൗണ്ടിൽ തുകകളൊന്നും സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു തേക്കടി റെയ്ഞ്ച് ഓഫീസർ സിബി കെ. ഇ.യുടെ മറുപടി.

ഈ വിശദീകരണം വനംവകുപ്പ് തള്ളുകയായിരുന്നു. റെയ്ഞ്ച് ഓഫീസർമാരുടെ നടപടി നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലഘനമാണെന്നും ഗുരുതരമായ ക്രമക്കേടും കൃത്യവിലോപവുമാണെന്നുമുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

Post a Comment

0 Comments