banner

റഫാല്‍ പറത്തി ശിവാംഗി...!, പച്ചക്കള്ളം പ്രചരിപ്പിച്ച പാകിസ്ഥാനെ നാണംകെടുത്തി ഇന്ത്യ; രാഷ്ട്രപതിയുമൊപ്പമുള്ള ഫോട്ടോ വൈറൽ


ന്യൂഡല്‍ഹി : രാഷ്ട്രപതി ദ്രൗപദി മുര്‍മു റഫാല്‍ വിമാനത്തില്‍ പറന്നതിനുശേഷം തിരിച്ചെത്തി സൈനികര്‍ക്കൊപ്പം എടുത്ത ഫോട്ടോയില്‍ ഒരു വനിതാ പൈലറ്റുമുണ്ടായിരുന്നുശിവാംഗി സിങ്. ശിവാംഗി സിങ്ങിനൊപ്പം രാഷ്ട്രപതി ഫോട്ടോയെടുത്തപ്പോള്‍ അത് പാക്കിസ്ഥാനുള്ള രാജ്യത്തിന്റെ ശക്തമായ സന്ദേശവും കൂടിയായി. പാക്കിസ്ഥാനിലെ ഭീകരസൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാംഗിയെ പിടികൂടിയെന്നായിരുന്നു പാക്കിസ്ഥാനിലെ പ്രചാരണം. ഇതു സംബന്ധിച്ച് ചില വ്യാജ വിഡിയോകളും പാക്കിസ്ഥാന്‍ പ്രചരിപ്പിച്ചു. കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു മറുപടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ചത്. 

ഈ ഓപ്പറേഷനിടെ റഫാല്‍ വിമാനം തകര്‍ത്ത് ശിവാംഗിയെ പിടികൂടി എന്നായിരുന്നു പാക്ക് മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും അവകാശവാദം. എന്നാല്‍, തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ ഇന്ത്യ പൊളിച്ചടുക്കി. ഒടുവില്‍, ശിവാംഗി രാഷ്ട്രപതിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെ വ്യാജ പ്രചാരണങ്ങള്‍ തകര്‍ന്ന് പാക്കിസ്ഥാന്‍ നാണംകെട്ടു. റഫാല്‍ വിമാനം പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ശിവാംഗി. വ്യോമസേനയുടെ ഗോള്‍ഡണ്‍ ആരോസ് സ്‌ക്വാഡ്രണിന്റെ ഭാഗമാണവര്‍. 

വാരാണസി സ്വദേശിനിയാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയതിനുശേഷം വ്യോമസേനയില്‍ ചേര്‍ന്നു. 2020ല്‍ റഫാല്‍ പറത്താനുള്ള സംഘത്തിന്റെ ഭാഗമായി. പരിശീലനത്തിനുശേഷം ഗോള്‍ഡന്‍ ആരോയിലെത്തി. രാജ്യാന്തര എയര്‍ഷോകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ താവളത്തില്‍ നിന്നു രാഷ്ട്രപതിയുമായി റഫാല്‍ പറന്നുയര്‍ന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടാം തവണയാണ് യുദ്ധവിമാനത്തില്‍ പറക്കുന്നത്. ഇന്ത്യന്‍ സായുധ സേനകളുടെ സുപ്രീം കമാന്‍ഡറായ ദ്രൗപദി മുര്‍മു 2023 ഏപ്രില്‍ 8 ന് അസമിലെ തേസ്പൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് സുഖോയ്-30 എംകെഐ ജെറ്റില്‍ പറന്നിരുന്നു.

Post a Comment

0 Comments