banner

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ വഴിയിലിറക്കിവിട്ടു....!, ചികിത്സ കിട്ടാതെ വയോധികന് ദാരുണാന്ത്യം

പുനലൂരില്‍  കെഎസ്ആർടിസി ബസിൽ ശാരീരികാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ട് ക്രൂരത. ചികിത്സ കിട്ടാതെ അറുപത്തിരണ്ടുകാരന് ദാരുണാന്ത്യം സംഭവിച്ചു. പിറവന്തൂർ ചെമ്പനരുവി കടമ്പുപാറ ചതുപ്പിൽ വീട്ടിൽ നാരായണൻ ആണ് ചികിത്സ കിട്ടാതെ മരിച്ചത്. ബസിൽ നിന്നിറങ്ങി റോഡിൽ മണിക്കൂറുകൾ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാഞ്ഞതിനെ തുടർന്ന് മരിച്ചത്. ഈ സമയം ഒട്ടേറെ വാഹനങ്ങൾ ഇതു വഴി കടന്നു പോയിരുന്നെന്നു പരിസരവാസികൾ പറയുന്നു. ബസ് തിരികെ ഓടിച്ച് നാരായണനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവുമുണ്ടായില്ല.

നാലു ദിവസമായി ശ്വാസം മുട്ടൽ മൂലം അസ്വസ്ഥതയനുഭവപ്പെട്ടിരുന്ന നാരായണൻ രാവിലെ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി, ചികിത്സ നടത്തി മടങ്ങുമ്പോഴായിരുന്നു സംഭവം. ഉച്ചയ്ക്ക് 1.30ന് പുനലൂരിൽ നിന്ന് അച്ചൻകോവിലിലേക്കുള്ള ബസിൽ പോകുമ്പോൾ മഹാദേവർമണ്ണിലാണ് ആദ്യം അസ്വസ്ഥതയുണ്ടായത്. നാരായണന്റെ കയ്യിലെ ബാഗിലുണ്ടായിരുന്ന ഗുളികയെടുത്ത് ബസ് ഡ്രൈവർ നൽകിയെങ്കിലും ബസ് വനത്തിലേക്ക് പ്രവേശിച്ചതോടെ വീണ്ടും ശ്വാസംമുട്ടലുണ്ടായി. കോട്ടക്കയം അമ്പലത്തിനു സമീപത്തെത്തിയപ്പോൾ ശരീരം തളർന്നു വീഴുന്ന അവസ്ഥയിലേക്കെത്തിയ നാരായണൻ ബസിൽ നിന്ന് ഇറങ്ങിയെന്നാണു സഹയാത്രികർ പറയുന്നത്.

റോഡുവക്കിൽ മണിക്കൂറോളം ഇരുന്നിട്ടും ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ല. അച്ചൻകോവിൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്, ആശുപത്രികളുള്ള പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്ക് തിരികെ നാരായണനെയും കൊണ്ടു പോകാതെ മറ്റേതെങ്കിലും വാഹനം വരുന്നതിനായി കാത്തു കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാഹനങ്ങളൊന്നും വരാഞ്ഞതിനെ തുടർന്ന്, സമീപത്തെ വനം വകുപ്പ് ഓഫിസിൽ അറിയിച്ച് വാഹനം വരുത്താമെന്ന യാത്രക്കാരിൽ ചിലരുടെ നിർദേശം കണക്കിലെടുത്ത് ബസ് അച്ചൻകോവിലിലേക്ക് പോവുകയായിരുന്നു.

Post a Comment

0 Comments