മേയർ സ്ഥാനത്തേക്ക് എ.കെ. ഹഫീസിന്റെ പേര് നേരത്തെ തന്നെ ധാരണയായിരുന്നു. എന്നാൽ ഡെപ്യൂട്ടി മേയർ പദവിയെ ചൊല്ലി ചർച്ചകൾ നടന്നിരുന്നില്ല. ആർഎസ്പിയുടെ ഷൈമയും മുസ്ലിം ലീഗിന്റെ മാജിദ് വഹാബും ഈ സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു.
സാമുദായിക സമവാക്യങ്ങൾ പാലിക്കപ്പെടില്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ് കരുമാലിൽ ഉദയ സുകുമാരനെ പരിഗണിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. ആദ്യ ഘട്ടത്തിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ കോൺഗ്രസ് കൈവശം വയ്ക്കുകയും ഭരണസമിതിയുടെ അവസാന ഘട്ടത്തിൽ മറ്റു പാർട്ടികൾക്ക് വീതം വയ്ക്കാമെന്നുമായിരുന്നു കോൺഗ്രസിന്റെ നിർദേശം. ഓരോ വർഷവും പദവികൾ മറ്റു പാർട്ടികൾക്ക് കൈമാറാമെന്നായിരുന്നു ഉപാധി.
എന്നാൽ ഈ ഉപാധി അംഗീകരിക്കാനാവില്ലെന്നാണ് ആർഎസ്പിയും മുസ്ലിം ലീഗും വ്യക്തമാക്കിയത്. ഉപാധി സ്വീകരിക്കാത്ത പക്ഷം മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് ലീഗിന്റെ നിലപാട്. യുഡിഎഫ് യോഗത്തിലും ലീഗ് ഇക്കാര്യം അറിയിച്ചിരുന്നു.
അതേസമയം, നാളെ മേയർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർഎസ്പി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതായാണ് റിപ്പോർട്ടുകൾ. മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോഴും കർക്കശമാണ്. 56 അംഗ കോർപ്പറേഷൻ കൗൺസിലിൽ യുഡിഎഫിന് 27 സീറ്റുകളാണ് ലഭിച്ചത്. എൽഡിഎഫിന് 16, ബിജെപിക്ക് 12 സീറ്റുകളും ഒരു സീറ്റിൽ എസ്ഡിപിഐ സ്ഥാനാർഥിയും വിജയിച്ചു. ഭരണസമിതി രൂപീകരണത്തിന് യുഡിഎഫിന് കൂടുതൽ പിന്തുണയുണ്ടെങ്കിലും ആഭ്യന്തര തർക്കം പരിഹരിക്കാൻ ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമായിരിക്കുന്നു.
.jpg)
0 Comments