banner

പ്രവാസിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ വൻ ഗൂഢാലോചന...!, ഏറ്റെടുത്തത് ക്വട്ടേഷൻ സംഘങ്ങൾ; പ്രധാനി ഖത്തറിലെന്ന് പോലീസ്

പാലക്കാട് : ചാലിശ്ശേരിയിൽ പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നാല് ക്വട്ടേഷൻ സംഘങ്ങൾ സംയുക്തമായാണ് കൃത്യം നടത്തിയതെന്ന് പൊലിസ് കണ്ടെത്തി. കാസർഗോഡ് സ്വദേശിയും നിലവിൽ ഖത്തറിലുള്ള പ്രവാസിയുമായ റഫീഖ് ആണ് സംഘത്തിന് ക്വട്ടേഷൻ നൽകിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാസർഗോഡ് സ്വദേശി റഫീഖാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ പ്രധാനി. ഇയാൾ നിലവിൽ ഖത്തറിലാണ്.

മുഹമ്മദാലിയുമായി ഏറ്റവും അടുത്ത ബന്ധമുള്ളവർക്ക് ഈ കൃത്യത്തിൽ പങ്കുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന സൂചന. റഫീഖിന് ക്വട്ടേഷൻ നൽകിയത് ഇവരാണോ എന്ന് അന്വേഷിച്ചു വരികയാണ്. കേസിൽ ഇതുവരെ 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയൽ പരേഡിൽ പിടിയിലായ നാല് പ്രതികളെ മുഹമ്മദാലി തിരിച്ചറിഞ്ഞു.

കഴിഞ്ഞ മാസം ആറാം തീയതിയാണ് മുഹമ്മദാലിയെ ഒരു സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഒരു വീട്ടിൽ ബന്ദിയാക്കി ക്രൂരമായി മർദിച്ചെങ്കിലും മുഹമ്മദാലി സാഹസികമായി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകലിന്റെ വിവരങ്ങൾ പുറംലോകമറിഞ്ഞത്.

ഷൊർണ്ണൂർ ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒളിവിലുള്ള പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് അടക്കമുള്ള നടപടികളിലേക്ക് പൊലിസ് നീങ്ങുകയാണ്.

Post a Comment

0 Comments