Iklan

Iklan

,

Iklan

Video

കുപ്പയിലെ മാലിന്യം മാണിക്യമായി...!, മാലിന്യം ഖജനാവിലെത്തിച്ചത് 8.89 കോടി രൂപ; കൂടുതല്‍ തിരുവനന്തപുരത്ത്

SPECIAL CORRESPONDENT
, Friday, February 06, 2026 WIB Last Updated 2026-02-06T11:40:53Z

തിരുവനന്തപുരം : പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കിയതോടെ ഖജനാവിലേക്ക് എത്തുന്ന വരുമാനവും കൂടി. 8,89,27,677 രൂപയാണ് പിഴയായി ഖജനാവിലെത്തിയത്. 2023മാര്‍ച്ച് ഒന്നുമുതല്‍ കഴിഞ്ഞ 28 വരെയുള്ള മൂന്ന് വര്‍ഷം കൊണ്ടാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കി തുടങ്ങിയും ക്യാമറകള്‍ കൂടുതല്‍ സ്ഥാപിച്ചതിനും പിന്നാലെയാണ് നിയമലംഘനങ്ങള്‍ കൂടുതല്‍ കണ്ടെത്തി തുടങ്ങിയത്.

പരമാവധി 50,000 രൂപവരെയാണ് പിഴ ചുമത്തുന്നത്. എന്നാല്‍ വിവരം കൈമാറുന്നവര്‍ക്ക് പരമാവധി 2500 രൂപയായിരുന്നു നേരത്തെ നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ വാട്സാപ്പ് നമ്പരിലേക്ക് ചിത്രം സഹിതം വിവരം കൈമാറുന്നതിലും കുറവുണ്ടായി. ഇത് പരിഹരിക്കാന്‍ പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം നല്‍കാന്‍ കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പരമാവധി പിഴയായ 50,000 രൂപ ചുമത്തുന്ന കേസുകളില്‍ 12,500 രൂപ പാരിതോഷികം ലഭിക്കുന്ന സാഹചര്യവുമുണ്ടായി. ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ് പിഴയീടാക്കുന്നത്.

മാലിന്യം വലിച്ചെറിഞ്ഞതിന് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണെങ്കിലും പിഴത്തുക തൃശൂര്‍ ജില്ലയിലാണ്. ഇവിടെ 3238 കേസുകളിലായി 14284602 രൂപയാണ് പിഴയായി ഈടാക്കിയത്. എറണാകുളത്ത് 3050 കേസുകളിലായി 14218269 രൂപ പിഴയീടാക്കിയപ്പോള്‍ തിരുവനന്തപുരത്ത് 3333 കേസുകളിലായി 11852656 രൂപയാണ് ഈടാക്കിയത്.

കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ട ജില്ലയിലാണ് 313 കേസുകള്‍ മാത്രം. സംസ്ഥാനത്താകെ 4768 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടതുല്‍ തൃശൂര്‍ ജില്ലയിലും (964) കുറവ് കാസര്‍കോട് ജില്ലയിലുമാണ് (80).

വിവരം കൈമാറാം

വാട്സാപ്പ് നമ്പരായ 9446700800ല്‍ ചിത്രം സഹിതം വിവരം കൈമാറാം. നിക്ഷേപിക്കുന്ന വ്യക്തിയെയോ വാഹനത്തെയോ ചിത്രത്തില്‍ തിരിച്ചറിയാനാകണം. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. വിവരം കൈമാറുന്നവരുടെ പേര് പരസ്യപ്പെടുത്തില്ല.

Terbaru Lainnya

Recents