![]() |
| നാട്ടുകാർ പരാതിയുയർത്തിയതിന് പിന്നാലെ പ്രദേശത്ത് മതിൽ കെട്ടി തിരിച്ചിരിക്കുന്നു. മുളയ്ക്കവയലിൽ നിന്നുള്ള ചിത്രം ഫോട്ടോ: അഷ്ടമുടി ലൈവ് |
അഞ്ചാലുംമൂട് : തൃക്കരുവ പഞ്ചായത്തിലെ മുളയ്ക്കവയൽ പ്രദേശത്ത് വയൽ നികത്തൽ വ്യാപകമാകുന്നതായി പരാതി. ഡാറ്റാബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങൾ ഉൾപ്പെടെ മണ്ണിട്ട് നികത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് കാലം മറയാക്കി ഭൂമാഫിയ പ്രവർത്തനം ശക്തമാക്കിയെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. സ്ഥിരമായി വെള്ളക്കെട്ട് നിലനിൽക്കുന്ന വയലുകൾ മണ്ണിട്ട് നികത്തുന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകൾ വറ്റുകയും കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുകയും ചെയ്യുമെന്ന ആശങ്കയും ഉയരുന്നു.
സംഭവത്തിൽ തൃക്കരുവ വില്ലേജ് ഓഫീസർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണിടൽ പ്രവർത്തനങ്ങൾ പുറത്തറിയാതിരിക്കാനായി സ്ഥലങ്ങൾ ചുറ്റി മതിൽ കെട്ടുന്ന സാഹചര്യവും ഉണ്ടെന്നാണ് ആരോപണം.
വലിയ വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി ഭൂമി മണ്ണിട്ട് നികത്തി പ്ലോട്ടുകളാക്കുന്നതാണ് ലക്ഷ്യമെന്നും, ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഇടപാടുകൾ നടത്താൻ ശ്രമമുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഒരുകാലത്ത് ജില്ലയിലെ പ്രധാന കാർഷിക മേഖലയായിരുന്ന മുളയ്ക്കവയൽ പ്രദേശം നശിപ്പിക്കപ്പെടുന്നതായി പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചു. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് നികത്തൽ പ്രവർത്തനങ്ങൾ തടയണമെന്നുമാണ് ആവശ്യം..
.jpg)
0 Comments