അഞ്ചാലുംമൂട് : അധികൃതരുടെ അനാസ്ഥയിൽ നഗരമധ്യത്തിലെ ഓടക്കുഴികൾ കാൽനടയാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. അഞ്ചാലുംമൂട് ജങ്ഷനിൽ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം ഇൻറർലോക്ക് പാതയിലെ ഓടയിൽ കാൽ കുടുങ്ങി പതിനേഴുകാരിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു സംഭവം. ഗണേഷ് ഹെയർ ഡ്രസ്സിംഗ് ഷോപ്പിനും ബിസ്മി മെറ്റൽസിനും മുൻവശത്തുള്ള ഓടയുടെ തകർന്ന മൂടിക്കിടയിലേക്കാണ് പെൺകുട്ടിയുടെ കാൽ അകപ്പെട്ടത്.
അപകടം നടന്നയുടൻ തന്നെ അഞ്ചാലുംമൂട് പോലീസും സമീപത്തെ വ്യാപാരികളും ചേർന്ന് പെൺകുട്ടിയുടെ കാൽ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇവർ കുട്ടിയെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കുട്ടിയെ പുറത്തെടുത്തിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആംബുലൻസിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായത്.
തുടർക്കഥയാകുന്ന അപകടങ്ങൾ; അഷ്ടമുടി ലൈവിനോട് പ്രതിഷേധം പങ്കുവെച്ച് വ്യാപാരികൾ
ജങ്ഷനിലെ തകർന്ന ഓട സ്ലാബുകൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നത് ഇതാദ്യമല്ലെന്ന് വ്യാപാരികൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു. സമാനമായ അപകടങ്ങൾ ഇതിനുമുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്. സ്ലാബിനിടയിലെ വലിയ കുഴി അപകടഭീഷണിയാണെന്ന് കണ്ട് വ്യാപാരികൾ തന്നെ ഇൻറർലോക്ക് കട്ടകൾ വെച്ച് കുഴി അടച്ചിരുന്നുവെങ്കിലും ആരോ അത് തട്ടിമാറ്റിയതാണ് ഇന്നത്തെ അപകടത്തിന് കാരണമായത്.
അഞ്ചാലുംമൂട് ജങ്ഷനിലെ ഓടകൾക്ക് ശരിയായ അളവിലുള്ള കോൺക്രീറ്റ് മൂടികൾ സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. നിലവിലുള്ള സ്ലാബുകൾക്ക് ഇരുവശത്തും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. തിരക്കേറിയ ഈ ഭാഗത്ത് ഇനിയും അപകടങ്ങൾ കാത്തിരിക്കാതെ, കോർപ്പറേഷൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും സുരക്ഷിതമായ സ്ലാബുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

0 Comments