പാറശാല : പുറംലോകത്തിന് അവർ പ്രണയത്തിന്റെ പര്യായങ്ങളായിരുന്നു. ചാനലുകളിലും ഇൻസ്റ്റഗ്രാം റീലുകളിലും നിറഞ്ഞുനിന്ന വർണ്ണാഭമായ ജീവിതം. എന്നാൽ ആ ഡിജിറ്റൽ ചമയങ്ങൾക്കപ്പുറം വ്ലാത്താങ്കരയിലെ ആ വീടിനുള്ളിൽ ഒരുക്കി വെച്ചിരുന്നത് ക്രൂരമായ കൊലക്കയറായിരുന്നുവെന്ന് നാട് തിരിച്ചറിയുന്നത് ഞെട്ടലോടെയാണ്. ഒൻപത് വർഷം മുൻപ് പ്രണയിച്ച് കൈപിടിച്ചവളെ വിഷ്ണുനാഥ് വെട്ടിക്കൊലപ്പെടുത്തിയപ്പോൾ തകർന്നു വീണത് സോഷ്യൽ മീഡിയ കെട്ടിപ്പൊക്കിയ ഒരു കപട സുന്ദരലോകം കൂടിയാണ്.
ചിരി മായും മുൻപേ ചിതയൊരുങ്ങി; ടാലന്റ് ബാഡ്ജ് തിളക്കത്തിനിടെ അന്ത്യം
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി പതിനായിരക്കണക്കിന് ആരാധകരുള്ള താരമായിരുന്നു അൽമ. പൂച്ചകളെയും നായ്ക്കളെയും ജീവനുതുല്യം സ്നേഹിച്ച അൽമ പങ്കുവെച്ചിരുന്ന വിഡിയോകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായിരുന്നത്. അടുത്തിടെ ഫേസ്ബുക്കിൽ നിന്ന് 'ടാലന്റ് ബാഡ്ജ്' ലഭിച്ച സന്തോഷം പങ്കുവെച്ച് ദിവസങ്ങൾ തികയും മുൻപേയാണ് അൽമയുടെ മരണം. അയൽക്കാരുമായി അധികം സമ്പർക്കമില്ലാതിരുന്ന അൽമയ്ക്ക് ഭർത്താവ് വിഷ്ണു നൽകിയിരുന്ന വലിയ പിന്തുണയെ കുറിച്ച് ബന്ധുക്കൾ പോലും വാതോരാതെ സംസാരിച്ചിരുന്നു. എന്നാൽ ആ പിന്തുണയ്ക്കുള്ളിൽ സംശയത്തിന്റെ നിഴലുകൾ പതുങ്ങിയിരുന്നതായി ആരും അറിഞ്ഞില്ല.
മൊഴികളിൽ വൈരുദ്ധ്യം; ക്രൂരകൃത്യത്തിന് പിന്നിൽ സംശയരോഗമെന്ന് സംശയം
കുട്ടികളില്ലാത്തതിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിഷ്ണു പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ മൊഴി അന്വേഷണ സംഘം പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. അൽമയുടെ ഓരോ സോഷ്യൽ മീഡിയ ഇടപെടലുകളെയും വിഷ്ണു സംശയത്തോടെയാണ് വീക്ഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു. യാത്രകളും പൂച്ചകളുമായുള്ള വിഡിയോകളും പങ്കുവെക്കുമ്പോഴും വീടിനുള്ളിൽ കുട്ടികളില്ലാത്തതിന്റെ പേരിലുള്ള പരിഹാസങ്ങളും മാനസിക പീഡനങ്ങളും അൽമ നേരിട്ടിരുന്നു. സംഭവദിവസം ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ അധ്യാപകനെന്ന തന്റെ മാന്യത മറന്ന് വിഷ്ണു അക്രമാസക്തനാവുകയായിരുന്നു. മാരകായുധം ഉപയോഗിച്ച് കഴുത്തിന് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വിഷ്ണു ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളാണ് അൽമയുടെ ജീവനെടുത്തത്. വ്ലാത്താങ്കരയെ വിറപ്പിച്ച ഈ ക്രൂരകൃത്യത്തിന്റെ കൂടുതൽ ചുരുളുകൾ അഴിക്കാനുള്ള ശ്രമത്തിലാണ് പാറശാല പോലീസ്.

0 Comments