ദുബായ് : പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ളവർ ആശങ്കയിലാണ്. യുദ്ധം നിലവിൽ പല രാജ്യക്കാരെയും ബാധിച്ചുകഴിഞ്ഞു. എൽപിജി ക്ഷാമം കാരണം പലയിടത്തും ഭക്ഷണത്തിന് വില വർദ്ധിച്ചു. ഇപ്പോഴിതാ ഇതിനെല്ലാം പുറമേ പുതിയൊരു ആശങ്ക കൂടി ഉയർന്നുവരികയാണ്. ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന സബ് സീ കേബിളുകളുടെ സുരക്ഷയാണ് ഇപ്പോൾ ചോദ്യചിഹ്നമായിരിക്കുന്നത്. ഈ കേബിളുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം പോലും നഷ്‌ടമാകും.
ഇന്ത്യയുടെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബയിൽ നിന്ന് യൂറോപ്പിലേക്കുള്ള നിർണായക വഴിയിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ഈ കേബിളുകൾക്ക് തടസം സംഭവിച്ചാൽ ഇന്ത്യയിലുടനീളമുള്ള ഇന്റർനെറ്റ് വേഗത, ഡിജിറ്റൽ നെറ്റ്‌വർക്കുകൾ, ക്ലൗഡ് സേവനങ്ങൾ എന്നിവയെ ബാധിക്കും. പ്രധാനമായും ചെങ്കടലിലൂടെ കടന്നുപോകുന്ന സബ് സീ കേബിളുകളുടെ കാര്യത്തിലാണ് ആശങ്ക ഉയരുന്നത്. ഏഷ്യ, യൂറോപ്പ് ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഡാറ്റാ ട്രാഫിക്കിന്റെ ഭൂരിഭാഗവും വഹിക്കുന്ന 17 സബ് സീ കേബിളുകൾ ചെങ്കടലിലൂടെ കടന്നുപോകുന്നുണ്ട്.ഇന്ത്യയിൽ ഇന്റർനെറ്റ് ട്രാഫിക്കിന്റെ ശേഷിക്കുന്ന 40 ശതമാനത്തിൽ ഭൂരിഭാഗവും ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കും പസഫിക്കിലേക്കുമാണ് പോകുന്നത്. സബ് സീ കേബിളിന് എന്തെങ്കിലും സംഭവിച്ചാൽ തന്നെ മിഡിൽ ഈസ്റ്റിലെ നിലവിലുള്ള യുദ്ധ സാഹചര്യത്തിൽ അവയുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. സാധാരണ സമയങ്ങളിൽ പോലും കടലിനടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഏറെ സമയവും പരിശ്രമവും ആവശ്യമായി വരാറുണ്ട്.ഇന്ത്യയിലെ എല്ലാ മുൻനിര ടെലികോം, ഡിജിറ്റർ ഇൻഫ്രാസ്‌ട്രക്‌ചർ സ്ഥാപനങ്ങളുടെയും സബ് സീ കേബിളുകൾ ഹോർമുസ് കടലിടുക്കിനും ചെങ്കടലിനും അടിയിലൂടെയാണ് കടന്നുപോകുന്നത്. റിലയൻസ് ജിയോ ഇൻഫോകോം, ഭാരതി എയർടെൽ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, വോഡഫോൺ ഐഡിയ എന്നിവയും ഇവയിൽ ഉൾപ്പെടുന്നു.
.jpg)
0 Comments