banner

രണ്ട് ഫോണുകൾ കാണാനില്ല...!, പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് ആൾക്കൂട്ടക്കൊല; ആറ് അന്യസംസ്ഥാന തൊളിലാളികൾ പിടിയിൽ

കൊച്ചി : പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് തല്ലിക്കൊന്നു. പെരുമ്പാവൂർ മുടിക്കലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിൽ ആറ് അന്യസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിലായിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അന്യസംസ്ഥാന തൊഴിലാളി ആണെന്നാണ് വിവരം.

കസ്റ്റഡിയിലുള്ള ആറുപേരും അസം സ്വദേശികളാണ്. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്ത് പ്രതികൾ അവരുടെ ഫോണുകളെല്ലാം ഒരു ബോക്‌സിലാക്കി പ്രത്യേക സ്ഥലത്ത് വയ്‌ക്കുകയാണ് പതിവ്. ഇന്നലെ ജോലി കഴിഞ്ഞ് നോക്കിയപ്പോൾ ബോക്‌സിൽ രണ്ട് ഫോണുകൾ കാണാനില്ലായിരുന്നു. സമീപത്ത് ഒരു യുവാവ് നിൽക്കുന്നുണ്ടായിരുന്നു. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളായിരുന്നില്ല. പ്രതികൾക്ക് ഇയാളുമായി മുൻപരിചയവുമില്ല.

തുടർന്ന് ഇയാളെ ആറംഗ സംഘം ചോദ്യം ചെയ്യുകയും സമീപത്തുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചയാളുടെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. പല്ലുകൾ പോലും പൊടിഞ്ഞുപോകുന്ന രീതിയിൽ മർദിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തുനിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികളെ ചോദ്യംചെയ്‌തുവരികയാണ്. നഷ്‌ടപ്പെട്ടു എന്ന് പറയപ്പെടുന്ന രണ്ട് ഫോണുകളും കമ്പനി പരിസരത്ത് നിന്ന് തന്നെ കണ്ടെത്തി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments