അഞ്ചാലുംമൂട് : നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയും കുതിച്ചുയര്‍ന്നതോടെ അഞ്ചാലുംമൂട്, പനയം, കാഞ്ഞാവഴി മേഖലകളിലെ ഹോട്ടല്‍-കാറ്ററിംഗ് വ്യവസായം കടുത്ത പ്രതിസന്ധിയില്‍. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വില വര്‍ദ്ധിപ്പിച്ചത് ചെറുകിട ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും ഇരുട്ടടിയായിരിക്കുകയാണ്. 993 രൂപയാണ് കഴിഞ്ഞദിവസം വർധിപ്പിച്ചത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം പച്ചപിടിച്ചു വരികയായിരുന്ന ഈ മേഖലയെ വിലക്കയറ്റം വീണ്ടും തളര്‍ത്തി. അഞ്ചാലുംമൂട് ജംഗ്ഷനിലെയും പരിസരപ്രദേശങ്ങളിലെയും പല ഹോട്ടലുകളിലും ലാഭവിഹിതം കുറഞ്ഞതോടെ വിഭവങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലാഭകരമല്ലാത്തതിനാല്‍ പലയിടങ്ങളിലും വൈകുന്നേരങ്ങളിലെ എണ്ണക്കടികള്‍ പാടെ ഒഴിവാക്കി.
ഗ്യാസ് വില താങ്ങാനാവാതെ വന്നതോടെ ഭൂരിഭാഗം ഹോട്ടലുടമകളും വിറകടുപ്പുകളിലേക്ക് ചുവടുമാറ്റുകയാണ്. എന്നാല്‍ ഹോട്ടലുകള്‍ കൂട്ടത്തോടെ വിറകിലേക്ക് മാറിയതോടെ വിറകിനും വിപണിയില്‍ വലിയ തോതില്‍ വില വര്‍ദ്ധിച്ചു. ഇത് ഹോട്ടലുടമകളെ 'ചട്ടിയില്‍ നിന്നും അടുപ്പിലേക്ക്' എന്ന അവസ്ഥയിലാക്കിയിരിക്കുകയാണ്.
ഭക്ഷ്യവില കൂട്ടിയാല്‍ കച്ചവടം കുറയും
ഭക്ഷണസാധനങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉള്ള കച്ചവടം കൂടി പോകുമോ എന്ന ഭീതിയിലാണ് വ്യാപാരികള്‍. നിലവില്‍ സാധാരണ ഹോട്ടലുകളില്‍ ഊണിന് 60 മുതല്‍ 100 രൂപ വരെയാണ് ഈടാക്കുന്നത്. അഞ്ച് സിലിണ്ടറുകള്‍ വരെ ഉപയോഗിക്കുന്ന മീഡിയം ഹോട്ടലുകള്‍ക്ക് ഗ്യാസ് വില വര്‍ദ്ധനവ് വഴി പ്രതിമാസം 15,000 രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്.
തൊഴിലാളി ക്ഷാമം രൂക്ഷം
മേഖലയില്‍ തൊഴിലാളി ക്ഷാമവും രൂക്ഷമാണ്. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് ഭൂരിഭാഗം സ്ഥാപനങ്ങളും മുന്നോട്ട് പോകുന്നത്. വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോയ തൊഴിലാളികള്‍ പലരും മടങ്ങിയെത്തിയിട്ടില്ല. ഉയര്‍ന്ന കൂലിയും കെട്ടിട വാടകയും നല്‍കി സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയാണെന്ന് ഉടമകള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്ത ആഘോഷ പരിപാടികള്‍ക്ക് പഴയ നിരക്കില്‍ ഭക്ഷണം എത്തിച്ചു നല്‍കേണ്ടി വരുന്നത് കാറ്ററിംഗ് മേഖലയ്ക്കും വലിയ തിരിച്ചടിയായി. വരും ദിവസങ്ങളിലും സ്ഥിതി തുടര്‍ന്നാല്‍ മേഖലയിലെ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് അഞ്ചാലുംമൂട്ടിലെ വ്യാപാരികള്‍.

0 Comments