banner

പഴയ ദുരിതം മറന്ന് അധികൃതർ...!, തൃക്കരുവയിൽ തോടുകൾ കാടുമൂടുന്നു: മഴ കനത്താൽ മണലിക്കടയിൽ വെള്ളം കയറും



അഞ്ചാലുംമൂട് : മുൻ വർഷങ്ങളിലെ ദുരനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ അധികൃതർ. തൃക്കരുവ പഞ്ചായത്തിലെ തോടുകളും ഓടകളും യഥാസമയം വൃത്തിയാക്കാത്തത് കാലവർഷമെത്തുന്നതോടെ പ്രദേശവാസികളെ വീണ്ടും ദുരിതത്തിലാക്കും. ശുചീകരണവും പരിശോധനകളും മുടങ്ങിയതോടെ മണലിക്കട ഭാഗത്തെ തോടുകൾ കാടുമൂടിയ നിലയിലാണ്. ഇത് നീരൊഴുക്ക് തടസ്സപ്പെടുത്തി വെള്ളം ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറാൻ കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.

ആവർത്തിക്കുന്ന അനാസ്ഥ...
ഏതാനും വർഷങ്ങൾക്ക് മുൻപ് തോടുകൾ വൃത്തിയാക്കുന്നതിൽ ഉണ്ടായ കാലതാമസം മണലിക്കടയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അന്ന് വെള്ളം കരകവിഞ്ഞ് റോഡുകളെ മുക്കുകയും സമീപത്തെ വീടുകളിൽ വെള്ളം കയറുകയും ചെയ്തത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. നിലവിൽ വലിയ വെള്ളപ്പൊക്ക സാധ്യതകൾ പ്രദേശത്തില്ലെങ്കിലും, കൃത്യമായ ശുചീകരണം നടക്കാത്ത പക്ഷം പഴയ അവസ്ഥ ആവർത്തിക്കാൻ അധികൃതർ തന്നെ വഴിയൊരുക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

മാലിന്യ നിക്ഷേപം വെല്ലുവിളി...
പതിനേഴാം വാർഡിലെ പ്രധാന തോടുകൾ കാടുപിടിച്ചു കിടക്കുന്നത് സാമൂഹ്യവിരുദ്ധർക്ക് മാലിന്യം തള്ളാനുള്ള മറയായി മാറിയിരിക്കുകയാണ്. കാടിനുള്ളിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനാൽ ഇത് നീക്കം ചെയ്യുക എന്നതും പ്രായോഗികമല്ലാതാകുന്നു. വേനൽ മഴ കുറവായതിനാൽ തോടുകൾ വറ്റിക്കിടക്കുന്ന ഈ സമയമാണ് ശുചീകരണത്തിന് ഏറ്റവും അനുയോജ്യം. എന്നാൽ മഴ ശക്തമായി തോട് നിറഞ്ഞാൽ കാടും മാലിന്യവും നീക്കം ചെയ്യുന്നത് അസാധ്യമാകും.

അഷ്ടമുടി കായലിലേക്കുള്ള വഴി അടയുന്നു....
മണലിക്കട പ്രദേശം ചുറ്റിയൊഴുകി അഷ്ടമുടി കായലിലേക്ക് ചേരുന്നതാണ് ഇവിടുത്തെ തോടുകളെല്ലാം. നിലവിൽ കാടും പോളയും നിറഞ്ഞതോടെ കായലിലേക്കുള്ള നീരൊഴുക്ക് ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ട മട്ടാണ്. ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. മഴ തുടങ്ങുന്നതിന് മുൻപ് അടിയന്തരമായി തോടുകൾ ശുചീകരിച്ചില്ലെങ്കിൽ മണലിക്കട നിവാസികൾ വീണ്ടും ദുരിതത്തിലാകുമെന്ന് ഉറപ്പാണ്.

Post a Comment

0 Comments