കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കണ്ണൂരിൽ സിപിഐഎം നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഇരിട്ടി കോളയാടിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “പാർട്ടിയാണ് വലുത് നേതാക്കളല്ല” എന്ന ശക്തമായ സന്ദേശമാണ് കോളയാട് ഈരായികൊല്ലിയിൽ സ്ഥാപിച്ച ബോർഡിലുള്ളത്.
പി. ജയരാജൻ, എം. സ്വരാജ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്ലെക്സ് തയ്യാറാക്കിയിരിക്കുന്നത്. “നയിക്കാൻ ഇവരുണ്ടെങ്കിൽ കൂടെ ഞങ്ങളുമുണ്ടാകും” എന്ന വാചകം നേതൃമാറ്റം ആഗ്രഹിക്കുന്ന അണികളുടെ വികാരമായാണ് വിലയിരുത്തപ്പെടുന്നത്. ‘ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി’ എന്ന പേരിലാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
തിരിച്ചടിയുടെ കാരണങ്ങൾ ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ യോഗം ചേരും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചറിയുന്നതിൽ വന്ന പരാജയവും കണ്ണൂരിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളും യോഗം വിശദമായി പരിശോധിക്കും. പാർട്ടി കോട്ടകളിൽ വോട്ട് ചോർന്നതും നേതൃത്വത്തിന്റെ നയപരമായ പാളിച്ചകളും ഗൗരവമായി ചർച്ച ചെയ്യാനാണ് തീരുമാനം.
അതേസമയം, കണ്ണൂർ കാൾടെക്സിൽ കോൺഗ്രസ് പ്രവർത്തകർ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലെക്സ് സ്ഥാപിച്ചു. യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ “നയിച്ചവൻ നായകൻ”, “റിയൽ ലീഡർ” എന്നീ വിശേഷണങ്ങളോടെയാണ് വേണുഗോപാലിന്റെ ബോർഡുകൾ ഉയർന്നിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിലാണ് ഈ ഫ്ലെക്സ് സ്ഥാപിച്ചിട്ടുള്ളത്.
.jpg)
0 Comments