തമിഴ് സിനിമാതാരം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെ അദ്ദേഹത്തിന്റെ ആസ്തി വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിജയ് സമർപ്പിച്ച 27 പേജുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 624 കോടി രൂപയുടെ ആകെ ആസ്തിയാണ് തനിക്കുള്ളതെന്നാണ് വിജയ് വ്യക്തമാക്കുന്നത്. ഇതിൽ 220 കോടി രൂപയുടെ സ്ഥിര ആസ്തിയും 404 കോടി രൂപയുടെ മറ്റ് ആസ്തികളും ഉൾപ്പെടുന്നു.
സത്യവാങ്മൂലത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ഒരു ബാങ്ക് അക്കൗണ്ടിലെ നിക്ഷേപമാണ്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സാലിഗ്രാം ബ്രാഞ്ചിലെ സേവിങ്സ് അക്കൗണ്ടിൽ മാത്രം 213.6 കോടി രൂപ വിജയ് നിക്ഷേപിച്ചിട്ടുണ്ട്. ഇതിനുപുറമേ വിവിധ ബാങ്കുകളിലായി 100 കോടി രൂപയുടെ സ്ഥിരനിക്ഷേപവും അദ്ദേഹത്തിനുണ്ട്. ആക്സിസ് ബാങ്കിൽ 40 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 25 കോടി, എച്ച്ഡിഎഫ്സിയിൽ 20 കോടി, എസ്ബിഐയിൽ 15 കോടി എന്നിങ്ങനെയാണ് ഈ നിക്ഷേപങ്ങൾ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 184.53 കോടി രൂപയുടെ വരുമാനം ഉണ്ടായതായും സത്യവാങ്മൂലത്തിൽ പറയുന്നു. ഓഹരി വിപണിയിൽ 19.37 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെങ്കിലും മ്യൂച്ചൽ ഫണ്ടുകളിലോ ബോണ്ടുകളിലോ അദ്ദേഹം നിക്ഷേപം നടത്തിയിട്ടില്ല. ഭൂമി, വീടുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ 220 കോടിയുടെ ആസ്തിയുണ്ട്. നീലാൻകരായ്, മൈലാപൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകൾക്ക് മാത്രം 115 കോടിയോളം മൂല്യം വരും. ത്യാഗരാജ നഗർ, ഷോലിഗനല്ലൂർ എന്നിവിടങ്ങളിലെ വാണിജ്യ സമുച്ചയങ്ങൾക്ക് ഏകദേശം 82.8 കോടി രൂപയാണ് വില കണക്കാക്കുന്നത്.
.jpg)
0 Comments