banner

അഞ്ചാലുംമൂട് സ്കൂളിൽ ഗുരുതര ചട്ടലംഘനം: സ്കൂൾ ഗ്രൂപ്പുകൾ വഴി ട്യൂഷൻ സെന്ററിലേക്ക് കുട്ടികളെ പിടിക്കുന്നു; അധ്യാപകരുടെ പങ്കിലും പരാതി


അഞ്ചാലുംമൂട് : പൊതുവിദ്യാഭ്യാസ മേഖലയുടെ സുതാര്യതയ്ക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ HS വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി പരാതി. സ്കൂളിൽ മുൻപ് ജോലി ചെയ്തിരുന്ന താൽക്കാലിക അധ്യാപകൻ നടത്തുന്ന ട്യൂഷൻ സെന്ററിലേക്ക് കുട്ടികളെ ആകർഷിക്കാൻ സ്കൂൾ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്.

സ്കൂളിലെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇപ്പോഴും തുടരുന്ന ഈ വ്യക്തി, അധ്യാപകൻ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് രക്ഷിതാക്കളെയും കുട്ടികളെയും നേരിട്ട് ബന്ധപ്പെടുന്നതായാണ് വിവരം. സ്കൂളിൽ നിന്നുള്ള ഔദ്യോഗിക നിർദ്ദേശമാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് ഇത്തരം ആശയവിനിമയങ്ങൾ നടക്കുന്നത്. സ്കൂൾ ഗ്രൂപ്പുകളിലെ സാന്നിധ്യം ഇയാൾക്ക് രക്ഷിതാക്കളുടെ ഇടയിൽ വിശ്വാസ്യത നേടിക്കൊടുക്കുന്നതും ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു.

സ്കൂളിലെ ചില അധ്യാപകർ തന്നെ ഈ സ്വകാര്യ ട്യൂഷൻ സെന്ററിനായി വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും മറ്റും പ്രചാരണം നടത്തിയതായി ചിലർ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം ഗൗരവകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ, സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അത് തിരുത്തിയിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. സമാനമായ രീതിയിൽ മുൻപും ചില സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ സ്കൂൾ പ്രിൻസിപ്പാളിന്റെ അനുമതിയോടെ എന്ന വ്യാജേന വീടുകളിലെത്തി അഡ്മിഷൻ ഫീസിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ച സംഭവങ്ങളുണ്ടായിരുന്നു. അന്ന് വാർത്തകൾ പുറത്തുവന്നതിനെത്തുടർന്നാണ് പലർക്കും പണം തിരികെ ലഭിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് മതിയായ ജാഗ്രത ഉണ്ടാകുന്നില്ല എന്ന വിമർശനം ശക്തമാണ്.

സർക്കാർ സ്കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്വകാര്യ വിവരങ്ങൾ പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കൈമാറുന്നതും അവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും നിലവിലുള്ള വിദ്യാഭ്യാസ ചട്ടങ്ങളുടെയും വിവരസംരക്ഷണ നിയമങ്ങളുടെയും ലംഘനമാണ്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമായി കണക്കാക്കപ്പെടുന്നു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും സ്കൂൾ രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

Post a Comment

0 Comments