രണ്ട് വ്യത്യസ്ത പരാതികളാണ് മുജീബിനെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു ലഹരിമരുന്ന് കേസിലെ പ്രതിയുടെ ഫോൺ രേഖകളിൽനിന്ന് പരാതിക്കാരുടെ നമ്പറുകൾ കൈക്കലാക്കിയാണ് ഇയാൾ ഭീഷണി തുടങ്ങിയത്. കൊല്ലം സ്വദേശിനിയായ യുവതിയെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട മുജീബ് ലൈംഗിക ആവശ്യങ്ങൾക്കായി നിർബന്ധിക്കുകയായിരുന്നു. ഇതിന് തയാറാകാതിരുന്ന യുവതിയെ ലഹരിമരുന്ന് കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ബിഎൻഎസ് വകുപ്പ് 74 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ഡോക്ടറെ ലഹരിക്കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയാണ് മുജീബ് തട്ടിയെടുത്തത്. പണം തട്ടൽ, കുറ്റകരമായ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് രണ്ടാമത്തെ കേസ്.
മുജീബിനെതിരായ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ആരോപണങ്ങൾ ശരിവച്ചതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഒളിവിൽ പോയെങ്കിലും പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ മറ്റ് വഴികളില്ലാതെ ഇയാൾ കീഴടങ്ങുകയായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള മുജീബിനെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇയാൾക്കെതിരെ സമാനമായ മറ്റു പരാതികൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

0 Comments