ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽ.ഡി.എഫിൽ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാകുന്നു. ഡൽഹിയിൽ തുടരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ പരാജയം സംബന്ധിച്ച അതിഗുരുതരമായ വീഴ്ചകൾ ചർച്ചയായെങ്കിലും പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായില്ല. സ്ഥാനാർത്ഥി നിർണ്ണയം മുതൽ വൻ പാളിച്ചകൾ സംഭവിച്ചതായി പി.ബി വിലയിരുത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്കും സംസ്ഥാന സമിതിക്കും ആവശ്യമായ ജാഗ്രത കുറഞ്ഞതാണ് തിരിച്ചടിയായതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണ്ടെത്തൽ. ഈ വീഴ്ചകൾ പരിഹരിക്കാൻ അടിയന്തരമായി തെറ്റുതിരുത്തൽ നടപടികൾ വേണമെന്ന കർശന നിർദ്ദേശമാണ് ഉയരുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന വികാരമാണ് പാർട്ടിയിലും മുന്നണിയിലും ശക്തം. ഇക്കാര്യത്തിൽ കാര്യമായ എതിർപ്പുകൾ ഉയരാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. എന്നാൽ, പി.ബി അംഗമായതിനാൽ അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കുന്നതിന് പോളിറ്റ് ബ്യൂറോയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പി.ബി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകാനാണ് സാധ്യത. പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടായിരിക്കും പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാര്യത്തിൽ ഏറ്റവും നിർണ്ണായകമാവുക.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ താൽപ്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യമുണ്ടായാൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സഭയിലെ പരിചയസമ്പത്തും സാമ്പത്തിക കാര്യങ്ങളിലുള്ള അറിവും ബാലഗോപാലിന് അനുകൂല ഘടകങ്ങളാണ്. എന്നാൽ പാർട്ടി യോഗങ്ങളിലോ മുന്നണിയിലോ ഇതുവരെ അന്തിമ ചർച്ചകൾ നടന്നിട്ടില്ല. ഇപ്പോൾ നടക്കുന്ന പി.ബി യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ ഒരു ചിത്രം തെളിയുകയുള്ളൂ.
സി.പി.എമ്മിനെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച സി.പി.ഐ ഇത്തവണ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി ശക്തമായ അവകാശവാദമുന്നയിക്കുന്നു. സി.പി.എമ്മിലെ ഭൂരിഭാഗം മന്ത്രിമാരും പരാജയപ്പെട്ടപ്പോൾ സി.പി.ഐയിൽ ഒരാൾ മാത്രമാണ് തോൽവി അറിഞ്ഞത്. കെ. രാജൻ, ജി.ആർ. അനിൽ തുടങ്ങിയ കരുത്തരായ നിയമസഭാ സമാജികരുടെ വിജയം ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ ഈ ആവശ്യം ഉന്നയിക്കുന്നത്. പണ്ട് വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവിരുന്ന കാലത്ത് ഉപനേതാവായി കോടിയേരി ബാലകൃഷ്ണൻ വന്നത് സി.പി.എം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, തങ്ങളെ പരിഗണിക്കണമെന്ന നിലപാടിൽ സി.പി.ഐ ഉറച്ചുനിൽക്കുകയാണ്.
ബംഗാളിൽ വോട്ട് വിഹിതം പ്രതീക്ഷിച്ചപോലെ വർദ്ധിപ്പിക്കാൻ കഴിയാത്തത് തിരിച്ചടിയായെങ്കിലും ഒരു സീറ്റിലെങ്കിലും വിജയിക്കാനായത് ആശ്വാസമായി പാർട്ടി കാണുന്നു. അതേസമയം, തമിഴ്‌നാട്ടിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ കഴിഞ്ഞതും വിജയിക്കൊപ്പം നിലയുറപ്പിച്ചതും മികച്ച തീരുമാനമായി പി.ബി വിലയിരുത്തി. കേരളത്തിലെ വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.

0 Comments