banner

സൗജന്യ യാത്ര വിനയാകും; കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് ഇളവ് നൽകുന്നതിനെതിരെ സ്വകാര്യ ബസ് ഉടമകൾ


കൊച്ചി : കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്താനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം പൊതുഗതാഗത സംവിധാനത്തിന്റെ തകർച്ചയ്ക്ക് വഴിമാറുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ബസ് ഉടമകളുമായി യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായാണ് സർക്കാർ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും ഇത് പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ദിരാ ഗ്യാരണ്ടിയിൽ ഈ വാഗ്ദാനം ഉൾപ്പെടുത്തിയത് മുതൽ നിലനിന്നിരുന്ന അമർഷമാണ് ഇപ്പോൾ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.

കർണാടകത്തിലെയോ തമിഴ്‌നാട്ടിലെയോ സാഹചര്യമല്ല കേരളത്തിലുള്ളതെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മലബാർ ജില്ലകളിൽ ഭൂരിഭാഗം സർവീസുകളും നടത്തുന്നത് സ്വകാര്യ ബസുകളാണ്. ഇവിടങ്ങളിലെ യാത്രക്കാരിൽ 70 ശതമാനത്തോളം സ്ത്രീകളാണ്. അവർക്ക് കെ.എസ്.ആർ.ടി.സിയിൽ പൂർണ്ണ സൗജന്യം നൽകുന്നതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരില്ലാത്ത അവസ്ഥയുണ്ടാകും. വിദ്യാർത്ഥികളെ മാത്രം കൊണ്ടുപോകാനായി സർവീസ് നടത്തേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും ബസ് വ്യവസായത്തിന്റെ തകർച്ചയിലേക്കും നയിക്കുമെന്നും അവർ ആശങ്കപ്പെടുന്നു.

തിരഞ്ഞെടുപ്പ് വാഗ്ദാനം എന്നതിലുപരി, സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചതോടെയാണ് പ്രഖ്യാപനം യാഥാർത്ഥ്യമാകുമെന്ന് ഉടമകൾ തിരിച്ചറിഞ്ഞത്. ഇതോടെയാണ് വിവിധ ബസ് ഉടമ സംഘടനകളുടെ കോൺഫെഡറേഷൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത്. തങ്ങളെ തകർക്കുന്ന ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നതിന് മുൻപ് പ്രാഥമികമായ ചർച്ചകൾക്കെങ്കിലും സർക്കാർ തയ്യാറാകണം. യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ ഈ തീരുമാനം പിൻവലിക്കണമെന്ന ആവശ്യം സംഘടനകൾ ശക്തമാക്കുകയാണ്. വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെയും പുതിയ സർക്കാരിന്റെയും നിലപാട് ഈ വിഷയത്തിൽ നിർണ്ണായകമാകും.

"ബസ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഈ തീരുമാനം ബാധിക്കും. മേഖലയെ അപ്പാടെ തകർക്കുന്നതും ജനങ്ങൾക്ക് ഭാവിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ ബസ് ഉടമകളുമായി ചർച്ച നടത്താനുള്ള ജനാധിപത്യപരമായ മര്യാദ സർക്കാർ കാണിക്കണം."
- ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ

Post a Comment

0 Comments