കൊല്ലം : ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളും എണ്ണപ്രതിസന്ധിയും നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പശ്ചിമേഷ്യൻ സംഘർഷം മാസങ്ങളായി നിലനിൽക്കുമ്പോഴും കൃത്യമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കാതെ പൊതുയോഗങ്ങളിൽ കേവല നിരീക്ഷണങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എണ്ണ ഉപഭോഗം കുറയ്ക്കാൻ വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്നും സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ പ്രതിസന്ധിയെ ഗൗരവമായി കാണാത്തതിന്റെ തെളിവാണ്.
എണ്ണക്കമ്പനികൾക്ക് പ്രതിമാസം ശരാശരി 2500 കോടി രൂപയുടെ വ്യാപാര നഷ്ടമുണ്ടെന്നാണ് കണക്കുകൾ. ആറുമാസത്തെ പ്രതിസന്ധി തുടർന്നാൽ ഇത് ഏതാണ്ട് ഒരു ലക്ഷത്തി എൺപതിനായിരം കോടി രൂപയോളം വരും. കോവിഡ് കാലത്ത് ഇതിനേക്കാൾ വലിയ സാമ്പത്തിക ആഘാതം ഉണ്ടായപ്പോൾ 'ആത്മനിർഭർ ഭാരത്' എന്ന പേരിൽ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ വിദേശനാണ്യ ചോർച്ചയും എണ്ണ പ്രതിസന്ധിയും പരിഹരിക്കാൻ വ്യക്തമായ രൂപരേഖയോ പാക്കേജോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എണ്ണ പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കാതെ സർക്കാർ ഏറ്റെടുക്കണം. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സബ്സിഡി നൽകാൻ തയ്യാറാകണം. നാമമാത്രമായ വർദ്ധനവ് ജനങ്ങൾക്ക് ഉൾക്കൊള്ളാനായേക്കും, എന്നാൽ അമിതമായ വിലവർദ്ധനവിലൂടെ ജനങ്ങളെ ശിക്ഷിക്കുന്നത് നീതീകരിക്കാനാവില്ല. വിവാഹാവശ്യങ്ങൾക്ക് പോലും സ്വർണം വാങ്ങുന്നതിൽ നിന്ന് പിന്തിരിയണം എന്ന് പറയുന്നത് പ്രായോഗികമല്ല.
യുദ്ധം ആരംഭിച്ച് ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ അഡ്രസ്സ് ചെയ്യാൻ സർക്കാരിന് സാധിച്ചിട്ടില്ല. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും മറ്റുമുള്ള കേവല നിർദ്ദേശങ്ങൾക്കപ്പുറം വ്യവസായ-വ്യാപാര മേഖലകളെ സംരക്ഷിക്കാനുള്ള ആശ്വാസ നടപടികൾ പ്രഖ്യാപിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. മതിയായ തയ്യാറെടുപ്പുകളോ മുൻകരുതലുകളോ ഇല്ലാതെ ഇത്തരം ഗൗരവകരമായ വിഷയങ്ങളെ 'കാഷ്വൽ' ആയി സമീപിക്കുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ അപകടപ്പെടുത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
"പാർഷ്യൽ ലോക്ക്ഡൗണിന് സമാനമായ നിർദ്ദേശങ്ങൾ നൽകി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് പകരം, പ്രതിസന്ധി മറികടക്കാൻ സർക്കാർ സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കണം. 2500 കോടിയുടെ പ്രതിമാസ നഷ്ടം പരിഹരിക്കാൻ സബ്സിഡി പാക്കേജാണ് വേണ്ടത്. ഉപദേശങ്ങൾ കൊണ്ട് രാജ്യം നേരിടുന്ന സാമ്പത്തിക ചോർച്ച തടയാനാവില്ല."
- എൻ.കെ. പ്രേമചന്ദ്രൻ എം.പി

0 Comments