അഞ്ചാലുംമൂട് : അഷ്ടമുടിയിൽ വീശിയടിച്ച അതിശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് കിഴക്കുവശം കൂട്ടയ്യത്ത് കിഴക്കതിൽ എ. സുനിലിന്റെ (മത്തായി) വീടിനാണ് നാശനഷ്ടം സംഭവിച്ചത്. ഇന്ന് ( ചൊവ്വ ) വൈകിട്ടോടെയായിരുന്നു സംഭവം.
വീടിനുള്ളിലെ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടി താഴെ വീണതിന് തൊട്ടുപിന്നാലെ സുനിലിന്റെ ഭാര്യ സിജ പുറത്തേക്കിറങ്ങി അയൽവീട്ടിലേക്ക് മാറിയതിനാൽ വലിയ അപകടം ഒഴിവായി. സിജ പുറത്തിറങ്ങിയ ഉടൻ തന്നെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോവുകയായിരുന്നു.
കൂലിപ്പണിക്കാരനായ സുനിൽ വിവരമറിഞ്ഞ് എത്തുമ്പോഴേക്കും പിന്നാലെ വന്ന കനത്ത മഴയിൽ ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പൂർണ്ണമായും നനഞ്ഞു നശിച്ചു.
മേൽക്കൂര നഷ്ടപ്പെട്ട് വീട് വാസയോഗ്യമല്ലാതായതോടെ, മറ്റ് ആശ്രയമില്ലാത്ത ഈ കുടുംബം നിലവിൽ അയൽവീട്ടിലാണ് അഭയം തേടിയിരിക്കുന്നത്.

0 Comments