പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മേഖലയുടെ ഭാവി തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് ഇനി യാതൊരു സ്ഥാനവും ഉണ്ടാകില്ലെന്നും ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. രാജ്യത്തിന്‍റെ ആണവ-മിസൈൽ പദ്ധതികളിൽ യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന ഉറച്ച നിലപാടാണ് പുതിയ സന്ദേശത്തിലൂടെ ഇറാൻ ലോകത്തിന് നൽകുന്നത്. യുദ്ധം രണ്ടു മാസം പിന്നിട്ടിട്ടും ഇറാന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഈ പ്രതികരണം പശ്ചിമേഷ്യയിൽ വൻ ചർച്ചകൾക്ക് വഴി തുറക്കുകയാണ്.
ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും ഹോർമൂസ് കടലിടുക്കിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുകയാണെന്നും അമേരിക്കയുടെ ചൂഷണം ഇനി അനുവദിക്കില്ലെന്നും മൊജ്തബ ഖമനേയി പ്രഖ്യാപിച്ചു.
ഹോർമൂസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി പറഞ്ഞ മൊജ്തബ ഖമനേയി, മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കു കാരണം അമേരിക്കൻ സാന്നിധ്യമാണെന്ന് കുറ്റപ്പെടുത്തി. അമേരിക്കയുടെ സ്ഥാനം പശ്ചിമേഷ്യയിൽ അല്ല, മറിച്ച് കടലിന്‍റെ അടിത്തട്ടിലാണെന്ന് കാലം തെളിയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അയൽരാജ്യങ്ങളുമായി സഹകരിച്ച് സമാധാനവും സാമ്പത്തിക നേട്ടവും കൈവരിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇറാന്‍റെ അതിർത്തികൾ കാക്കുന്നതു പോലെ തന്നെ രാജ്യത്തിന്‍റെ പ്രതിരോധ ശേഷിയും സംരക്ഷിക്കപ്പെടുമെന്ന് മൊജ്തബ പറഞ്ഞു.
.jpg)
0 Comments