ലഖ്നോ : ചികിത്സക്കിടെ 22കാരിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും ഉൾപ്പെടെ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം വിവാദമായി. ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്ന ചികിത്സക്കിടെയായിരുന്നു ദൃശ്യങ്ങൾ പകർത്തുന്നത്. ഏപ്രിൽ 26ന് ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും അടക്കമുള്ളവരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോകൾ പ്രചരിക്കുകയുണ്ടായി. തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. രോഗിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വെളിപ്പെടുത്തുന്ന ചിത്രങ്ങൾ സ്വകാര്യതയും ചികിത്സ ധാർമ്മികതയും ലംഘിക്കുന്നതാണെന്ന് വ്യാപക വിമർശനമാന് ഉയർന്നിട്ടുള്ളത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ അംഗം പ്രതിഭ കുശ്വാഹ എസ്.പിക്ക് കത്തെഴുതി. കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് ഉറപ്പു നൽകിയിട്ടുണ്ട്. മഞ്ജൻപൂർ ഡിഎസ്പി ശിവങ്ക് സിങ്ങിനാണ് അന്വേഷണ ചുമതല. ആരാണ് ഫോട്ടോകൾ പകർത്തിയത്, ഓപ്പറേഷൻ തിയേറ്ററിൽ ആരൊക്കെ ഉണ്ടായിരുന്നു, ചിത്രങ്ങൾ എങ്ങനെയാണ് ചോർന്നത് എന്നിവ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തി വരുകയാണ്. ചെയ്തത് ഗുരുതര തെറ്റാണെന്ന് പ്രിൻസിപ്പൽ ഡോ. ഹരിയോം കുമാർ സിങ് പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കും.
.jpg)
0 Comments