banner

എന്റെ മകൻ ആത്മഹത്യ ചെയ്യില്ല...!, മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം : മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ ബംഗളൂരുവില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. രണ്ടാംവർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയായ തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വിവരമാണ് കുടുംബത്തിന് ആദ്യം ലഭിച്ചത്. ഉടൻ തന്നെ കുടുംബം ബംഗളൂരുവിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കോളേജിൽ എത്തിയപ്പോഴാണ് ആദിത്യന്‍റെ മരണവിവരം കുടുംബം അറിയുന്നത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പറയുന്നത്.

എന്നാൽ, മകന് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. തലേ ദിവസം മകൻ വിഡിയോ കോൾ ചെയ്തിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. മകൻ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഇല്ല എന്നാണ് പിതാവ് പ്രദീപ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Post a Comment

0 Comments