banner

പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ കഴിഞ്ഞില്ല...!, വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു

മലപ്പുറം : എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ പതിനഞ്ചുകാരനെ വീടിനുള്ളിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദീന്റെ മകനും പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷംസാൻ (15) ആണ് മരണപ്പെട്ടത്. ശനിയാഴ്ച പകൽ 12.45-ഓടെയായിരുന്നു മലപ്പുറത്തെ നടുക്കിയ ദാരുണ സംഭവം.

പരീക്ഷാഫലം അറിഞ്ഞതിന് ശേഷം കുളിമുറിയിൽ കയറിയ ഷംസാനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഉമ്മ പുറത്തുനിന്ന് വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കുളിമുറിയുടെ വെന്റിലേറ്ററിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരീക്ഷയിൽ വിചാരിച്ചത്ര ഉയർന്ന മാർക്ക് നേടാനാകാത്തതിലുള്ള മാനസികവിഷമമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇത്തവണത്തെ പരീക്ഷാഫലം വന്നപ്പോൾ രണ്ട് വിഷയങ്ങളിൽ എ പ്ലസും, ഒരു വിഷയത്തിൽ എ ഗ്രേഡും, രണ്ട് വിഷയങ്ങളിൽ ബി പ്ലസും, ഒരു വിഷയത്തിൽ സി പ്ലസും, മൂന്ന് വിഷയങ്ങളിൽ സി ഗ്രേഡും, കെമിസ്ട്രിയിൽ ഡി ഗ്രേഡുമാണ് ഷംസാന് ലഭിച്ചിരുന്നത്. ഞായറാഴ്ച പകൽ ഒന്നിന് കാരാപ്പറമ്പ് സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് രണ്ടിന് കാരാപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.


Post a Comment

0 Comments