ലഖ്നൗ : സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി കുടുങ്ങിപ്പോയ രണ്ട് യുവാക്കളെ വ്യോമസേന സാഹസികമായി രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗർ ജില്ലയിൽ ഇന്നലെയാണ് സംഭവം. 16 മണിക്കൂറോളം ടാങ്കിന് മുകളിൽ കുടുങ്ങിക്കിടന്ന പവൻ, കല്ലു എന്നിവരെയാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി എയർലിഫ്റ്റ് ചെയ്തത്.
അഞ്ചംഗ സംഘമാണ് റീൽ ചിത്രീകരിക്കാനായി ടാങ്കിന് മുകളിൽ കയറിയത്. ഇതിനിടെ ടാങ്കിലെ ഏണി ഒടിഞ്ഞുവീണതാണ് അപകടത്തിന് കാരണമായത്. വീഴ്ചയിൽ സിദ്ധാന്ത് എന്ന യുവാവ് മരണപ്പെടുകയും ഷനി, ഗോലു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.
കനത്ത മഴയും ഭൂപ്രകൃതിയും കാരണം എൻഡിആർഎഫിന് രക്ഷാപ്രവർത്തനം ദുഷ്കരമായതിനെ തുടർന്നാണ് അധികൃതർ വ്യോമസേനയുടെ സഹായം തേടിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ എത്തിയ സെൻട്രൽ എയർ കമാൻഡിന്റെ എംഐ 17-വി5 ഹെലികോപ്റ്റർ 15 മിനിറ്റുകൾക്കുള്ളിൽ ദൗത്യം പൂർത്തിയാക്കി. രക്ഷപ്പെടുത്തിയ യുവാക്കളെ പിന്നീട് ഗോരഖ്പുറിലേക്ക് മാറ്റി.
.jpg)
0 Comments