banner

ആഭ്യന്തരമില്ലെങ്കിലും 'റിമോട്ട്' സതീശന്; ധനവും നിയമവും തുറമുഖവും മുഖ്യമന്ത്രിക്ക്, സണ്ണി ജോസഫിന് വൈദ്യുതി, എം. ലിജുവിനും അനിൽകുമാറിനും നേട്ടം


തിരുവനന്തപുരം : പുതിയ യു.ഡി.എഫ് സർക്കാരിന്റെ വകുപ്പു വിഭജനം പൂർത്തിയായപ്പോൾ തന്ത്രപ്രധാന വകുപ്പുകൾ സ്വന്തം കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ കരുത്തു കാട്ടി. ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും, ഭരണത്തിന്റെ 'റിമോട്ട് കൺട്രോൾ' തന്റെ പക്കൽ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ വകുപ്പ് വിഭജനം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തതിനേക്കാൾ കൂടുതൽ വകുപ്പുകളാണ് സതീശൻ ഇക്കുറി ഏറ്റെടുത്തിരിക്കുന്നത്. പരമപ്രധാനമായ ധനകാര്യത്തിന് പുറമെ നിയമം, തുറമുഖം, റെയിൽവേ, മെട്രോ റെയിൽ, കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എന്നീ വകുപ്പുകൾ മുഖ്യമന്ത്രി സ്വന്തം പക്കൽ വെച്ചു. സംസ്ഥാനത്തിന്റെ തീരമേഖലയെ ബന്ധിപ്പിച്ച് മുഖ്യമന്ത്രി മുൻപ് മുന്നോട്ടുവെച്ച 'തീര നഗര ഇടനാഴി' ഉൾപ്പെടെയുള്ള വികസന സ്വപ്നങ്ങൾക്ക് വേഗത കൂട്ടാനാണ് തീരദേശ-ഗതാഗത വകുപ്പുകൾ ഒപ്പം കൂട്ടിയിരിക്കുന്നത്. മുൻപ് മുഖ്യമന്ത്രിയുടെ പക്കലുണ്ടായിരുന്ന ഐ.ടി വകുപ്പ് ഇക്കുറി വ്യവസായത്തോടൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കൈമാറി.

വകുപ്പ് വിഭജനത്തിൽ എ.ഐ.സി.സിയുടെയും പ്രത്യേകിച്ച് കെ.സി. വേണൂഗോപാലിന്റെയും ശക്തമായ ഇടപെടലാണ് പ്രതിഫലിച്ചത്. റവന്യൂ വകുപ്പ് ഏതാണ്ട് ഉറപ്പിച്ചിരുന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് ഒടുവിൽ വൈദ്യുതി വകുപ്പ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് കനത്ത ക്ഷീണമായി. കെ.സിയുടെ വിശ്വസ്തനായ എ.പി. അനിൽകുമാറിന് റവന്യൂ വകുപ്പ് നൽകാൻ ഡൽഹിയിൽ നിന്ന് നേരിട്ട് നിർദ്ദേശം വരികയായിരുന്നു. വൈദ്യുതി വകുപ്പിൽ അസംതൃപ്തനായിരുന്ന അനിൽകുമാറിന് റവന്യൂ ലഭിച്ചപ്പോൾ, ആ വൈദ്യുതി വകുപ്പ് സണ്ണി ജോസഫിന്റെ തലയിലാകുകയായിരുന്നു. വൈദ്യുതിക്കൊപ്പം പരിസ്ഥിതി കൂടി ലഭിച്ചതോടെ, കെ.എസ്.ഇ.ബിയുടെ വൻകിട പദ്ധതികൾക്ക് ഇനി പരിസ്ഥിതി മന്ത്രിയായ സണ്ണി ജോസഫ് തന്നെ അനുമതി നൽകേണ്ട വിചിത്ര സാഹചര്യവുമുണ്ട്.

സതീശൻ മന്ത്രിസഭയിലെ ഏറ്റവും ശക്തനായ യുവ സാന്നിധ്യമായി ആലപ്പുഴയിൽ നിന്നുള്ള എം. ലിജു മാറി. പരമപ്രധാനമായ എക്സൈസും സഹകരണവും ഒരുമിച്ച് കൈപ്പിടിയിലൊതുക്കാൻ ലിജുവിന് സാധിച്ചു. ടൂറിസവും സാംസ്‌കാരികവും ചലച്ചിത്ര വികസന കോർപ്പറേഷനും ലഭിച്ച പി.സി. വിഷ്ണുനാഥും മികച്ച വകുപ്പുകൾ സ്വന്തമാക്കി. ആഭ്യന്തരത്തിനൊപ്പം സ്വന്തം ജില്ലയെ പരിഗണിച്ച് 'കയർ' കൂടി വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, വനിതാ ശിശുക്ഷേമം എന്നിവയ്‌ക്കൊപ്പം അവസാന നിമിഷം മിൽമയും മൃഗസംരക്ഷണവും കൂടി നൽകി.

മുസ്ലിം ലീഗിൽ പൊതുമരാമത്ത് വകുപ്പിനായി വൻ വടംവലിയാണ് നടന്നത്. ജൂനിയറായ വി.എൽ. അബ്ദുൽ ഗഫൂറിനായി നീക്കങ്ങൾ നടന്നെങ്കിലും അതെല്ലാം വെട്ടിനിരത്തി മുതിർന്ന നേതാവ് പി.കെ. ബഷീർ പൊതുമരാമത്ത് സ്വന്തമാക്കി. അതേസമയം, ഘടകകക്ഷിയായ സി.എം.പിയുടെ സി.പി. ജോൺ സഹകരണ വകുപ്പ് ആഗ്രഹിച്ചെങ്കിലും ഒടുവിൽ കട്ടപ്പുറത്തിരിക്കുന്ന ഗതാഗത വകുപ്പ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വനം വകുപ്പ് ലഭിച്ച ഷിബു ബേബി ജോണും, ചോദിച്ച ഭക്ഷ്യവകുപ്പ് ലഭിച്ച അനൂപ് ജേക്കബും നിലവിൽ ഹാപ്പിയാണ്.

Post a Comment

0 Comments